പള്ളുരുത്തി: ട്രോളിംഗ് നിരോധനത്തിന് ശേഷം തീരക്കടലില്‍ മത്സ്യ ബന്ധനത്തിനായി ഇറങ്ങിയ ബോട്ടുകള്‍ക്ക് വല നിറയെ കരിക്കാടി ചെമ്മീന്‍. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്നിറങ്ങിയ ബോട്ടുകള്‍ക്കാണ് വല നിറഞ്ഞ് കരിക്കാടി ലഭിച്ചത്. നിരോധനത്തിന് ശേഷം ആദ്യഘട്ടത്തില്‍ കടലിലിറങ്ങിയ ബോട്ടുകള്‍ ഇന്നലെ പുലര്‍ച്ചെയോടെ ഹാര്ബറിലടുത്തു.
മുപ്പതോളം വരുന്ന ഫിഷിംങ് ബോട്ടുകളും, പേഴ്സിന് ബോട്ടുകളുമാണ് തിരിച്ചെത്തിയത്. കൊച്ചി കടലിന്റെ തീരത്താണ് ബോട്ടുകള്‍ വലവിരിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരു ബോട്ടിന് ഒരു ലക്ഷം മുതല്‍ നാലു ലക്ഷം രൂപയുടെ വരെ കരിക്കാടി ലഭിച്ചു.
കിലോക്ക് 80,90 രൂപ നിരക്കിലാണ് ചെമ്മീന്‍ തൂക്കിയത്. കരിക്കാടിയുമായി ബോട്ട് അടുക്കുന്നതറിഞ്ഞ് കച്ചവടക്കാര്‍ പുലര്‍ച്ചെ തന്നെ ഹാര്‍ബറിലെത്തിയിരുന്നു കരിക്കാടിക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനത്തിനു ശേഷം കടലില്‍ മത്സ്യലഭ്യതയില്‍ കാര്യമായ വര്‍ദ്ധനവില്ലെന്ന റിപ്പോര്‍ട്ടുകള്‍ മത്സ്യമേഖലയില്‍ ആശങ്ക പരത്തുന്നതിനിടയിലാണ് തീരക്കടലില്‍ നിന്ന് വലനിറയെ കരിക്കാടി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: