കൊച്ചി: 180 കണ്ടെയ്നര്‍ ലോറികള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യം വല്ലാര്‍പാടത്ത് ഓണത്തിന് മുമ്പ് പൂര്‍ണതോതില്‍ സജ്ജമാകും. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് എതിര്‍വശത്ത് കായലിനോട് ചേര്‍ന്നാണ് പാര്‍ക്കിങ് യാര്‍ഡ്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ബിപിസിഎല്‍ നിര്‍മിച്ച ഇന്ധനപമ്പ് ഉടനെ കമ്മീഷന് ചെയ്യും. ടോയ്ലറ്റ് കോംപ്ലക്സിന്റെ നിര്‍മാണവും പൂര്‍ത്തിയായി.
ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ല പാര്‍ക്കിങ് യാര്‍ഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അവശേഷിക്കുന്ന ജോലികള്‍ ഉടനെ പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. ഇരുപതടി കണ്ടെയ്നര്‍ വഹിക്കുന്ന 100 ലോറികളും 40 അടി കണ്ടെയ്നര്‍ വഹിക്കുന്ന 80 ലോറികളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് പാര്‍ക്കിങ് യാര്‍ഡിലുണ്ടാകുക. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്ത് 75 ലോറികള്‍ക്ക് ഇപ്പോള്‍ തന്നെ പാര്‍ക്കിങ് നല്‍കുന്നുണ്ട്.
കളമശ്ശേരി മുതല്‍ വല്ലാര്‍പാടം വരെയുള്ള കണ്ടെയ്നര്‍ റോഡില്‍ ട്രെയ്ലറുകളുടെ അനധികൃത പാര്‍ക്കിങ് മൂലമുണ്ടായ അപകടങ്ങളില്‍ നിരവധി പേര് മരിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് റോഡില്‍ പാര്‍ക്കിങ് നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു. പാര്‍ക്കിങ് യാര്‍ഡ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്ന സാഹചര്യത്തില്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കും. കണ്ടെയ്നര്‍ ലോറികള്‍ക്ക് മാത്രമല്ല എല്ലാത്തരം വാഹനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. കണ്ടെയ്നര്‍ റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: