പന്തളം: പന്തളത്ത് രാഷ്ട്രീയ സംഘര്‍ഷം നിലനില്ക്കുമ്പോള് പോലീസ് കാട്ടുന്ന രാഷ്ട്രീയ പക്ഷാഭേദം ജനങ്ങളില്‍ ഭീതി പരത്തുന്നു.
സംഘര്‍ഷത്തെത്തുടര്‍ന്നു പന്തളത്തു ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് ആര്‍എസ്എസ് ബസ്തി കാര്യവാഹ് രാജേഷിന്റെ സിപിഎം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചു ഞായറാഴ്ച നടന്ന ഹര്‍ത്താലിന് നിരോധനാജ്ഞയുടെ പേരില്‍ പ്രകടനവും പൊതുയോഗവും നടത്താന്‍ സംഘപരിവാറിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഓഫീസിനു നേരെ ആക്രമണമുണ്ടായി എന്നാരോപിച്ചുകൊണ്ട് അതേ ദിവസംതന്നെ സിപിഎം പ്രകടനം നടത്തിയെങ്കിലും പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണുണ്ടായത്.
നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ രണ്ടും അതില്‍ക്കൂടുതലും ആള്ക്കാര് കൂട്ടംകൂടി നില്‍ക്കരുതെന്ന് പോലീസ് നാടുനീളെ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. ഇതു നിലനില്‍ക്കെത്തന്നെയാണ് ഇന്നലെ പന്തളം രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി നൂറുകണക്കിനു വാഹനങ്ങള്‍ പങ്കെടുത്ത വാഹനറാലിയും പി. ജയരാജന് പങ്കെടുത്ത അനുസ്മരണയോഗവും നടത്തിയത്.
ഇന്നലെ രാവിലെ നടന്ന വാഹനറാലിയില്‍ പങ്കെടുത്ത ഇരുപതോളം പേര് റാലി കഴിഞ്ഞ് പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുകയും അലറി വിളിച്ചുകൊണ്ട് ഏറെ നേരം സ്റ്റാന്‍ഡിനുള്ളില്‍ ബൈക്കില്‍ വട്ടമടിക്കുകയും ചെയ്തു. ഇത് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടും ഇതു തടവാന്‍ പോലീസ് തയ്യാറായില്ല. പന്തളത്ത് കുറെ നാളുകളായി അടങ്ങി നിന്നിരുന്ന സംഘര്‍ഷമാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്.
ഏതു സംഘര്‍ഷത്തിനും അതു ആര്‍എസ്എസ്സുമായോ എസ്ഡിപിഐയുമായോ മറാറാരെങ്കിലുമായോ ആകട്ടെ; മറുവശത്ത് എപ്പോഴും സിപിഎം തന്നെയാണുണ്ടാവുക. ഈ സാഹചര്യത്തില്‍ പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ പന്തളത്ത് ഇടയ്ക്കിടെയുണ്ടാകുന്ന സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം നിലനിര്‍ത്താനും സാധിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: