കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പിനായി പ്രചരണ നോട്ടീസുകള്‍ അച്ചടിക്കുമ്പോള്‍ പ്രിന്റര്‍, പബ്ലിഷര്‍, എണ്ണം തുടങ്ങി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്ന് ചെലവ് നിരീക്ഷകന് ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ജെയിംസ് ജോസഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്കി.
നോട്ടീസ് അച്ചടി പൂര്‍ത്തിയായതാണെങ്കില്‍ ഇക്കാര്യം എഴുതിച്ചേര്‍ക്കുന്നതിന് ശ്രദ്ധിക്കണം. പരമാവധി ധനവിനിയോഗം 30,000 രൂപയാണെന്നിരിക്കെ പിന്നീട് ആക്ഷേപത്തിന് ഇടയാക്കാതിരിക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ആര്, എന്ത്, എത്ര പണം ചെലവാക്കി എന്ന കാര്യം ഓരോ ദിവസവും സ്ഥാനാര്‍ത്ഥികള്‍ തന്നെ രേഖപ്പെടുത്തണമെന്നും പൊതുസ്ഥലത്ത് പ്രചരണ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണല്‍ ദിനമായ 10 വരെ നിരീക്ഷകന് നഗരസഭ പരിധിയിലുണ്ടാകും.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ 30 ദിവസത്തിനകം ജില്ലാ കലക്ടര്‍ക്ക് കണക്ക് സമര്‍പ്പിക്കണം. കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പും നല്‍കണം. യഥാസമയം കണക്ക് സമര്‍പ്പിക്കാതിരിക്കുകയോ അപൂര്‍ണമായ കണക്ക് സമര്‍പ്പിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കും.
മട്ടന്നൂര്‍ നഗരസഭ ഹാളില്‍ തെരഞ്ഞെടുപ്പ് ധനവിനിയോഗം സംബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ ഷിമ നിര്‍ദേശങ്ങള്‍ വിവരിച്ചു. അസി റിട്ടേണിംഗ് ഓഫീസര്‍ ശര്‍മിള, നഗരസഭ സെക്രട്ടറി എം.സുരേശന്, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: