കൊച്ചി: ഹണി ബീ 2 സിനിമയ്ക്കായി യുവനടിയുടെ ബോഡി ഡബിളിനെ ഉപയോഗിച്ചുവെന്ന പരാതിയില്‍ അന്വേഷണ സംഘം സെന്‍സര്‍ബോര്‍ഡിന്റെ സഹായം തേടി. ദൃശ്യങ്ങള്‍ കൂട്ടിച്ചേര്ത്തതാണോയെന്ന് പരിശോധിക്കുന്നതിനാണ് സെന്‍സര്‍ബോര്‍ഡിന് അപേക്ഷ നല്‍കിയത്. പരിശോധന ഫലം ലഭിച്ചാലുടന്‍ ചിത്രത്തിന്റെ സംവിധായകന് ജീന്‍ പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യുമെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള തൃക്കാക്കര എസിപി പി.പി. ഷംസ് പറഞ്ഞു.
കേസില്‍ കൂടുതല്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുമെന്നും ഇവ പരിശോധിച്ചശേഷമായിരിക്കും തുടര്‍നടപടിയെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ സെറ്റില്‍ പ്രശ്നങ്ങളുണ്ടായിയെന്നും നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും സാക്ഷികള്‍ വ്യക്തമാക്കി. ചിത്രത്തിന്റെ സിഡി പരിശോധിച്ച പോലീസ്, നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നു കണ്ടെത്തിയിരുന്നു. യുവനടിയുടേതെന്ന വിധത്തില്‍ ഡ്യൂപ്പിന്റെ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച് ചിത്രത്തില്‍ ഉള്‍പ്പെടുത്തി എന്നാണ് കണ്ടെത്തിയത്. ഇതേക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് സെന്‍സര്‍ ബോര്‍ഡിന്റെ സഹായം തേടിയത്. സെന്സറിങിനുമുമ്പുള്ള ചിത്രത്തിന്റെ പകര്‍പ്പ് ലഭിക്കുന്നതിനും ബോര്‍ഡിന്റെ സഹായം തേടും.
ഹണി ബീ-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റെതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയിലുള്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് യുവനടിയുടെ പരാതി. സംവിധായകന് ജീന്‍ പോള്‍ ലാലിനും നടന് ശ്രീനാഥ് ഭാസിയും അടക്കമുള്ള നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: