കാക്കനാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതുവൈപ്പിലെ എല്‍എന്‍ജി സംഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി വിവിധ വിഭാഗങ്ങളില്‍ നിന്ന് തെളിവെടുപ്പ് നടത്തി. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുല്ലക്കര രത്നാകരന് എംഎല്‍എ അധ്യക്ഷനായ സമിതി സമര സമിതി നേതാക്കളില്‍ നിന്നും ഇന്ത്യന്‍ ഓയില്‍ കമ്പനി പ്രതിനിധികളില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു.
മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെ ഉപജീവനത്തെയും സുരക്ഷിത ജീവിതത്തേയും ബാധിക്കുമെന്ന് പ്ലാന്റിനെ എതിര്‍ക്കുന്നവര്‍ സമിതി മുമ്പാകെ പരാതിപ്പെട്ടു. സുരക്ഷ പൂര്‍ണമായും ഉറപ്പാക്കിയാണ് പ്ലാന്റ് നിര്‍മാണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും വ്യക്തമാക്കി. പ്രദേശത്തിന് അനുയോജ്യമല്ലാത്ത പദ്ധതിയാണ് ഇതെന്ന് സമര സമിതി കണ്‍വീനര്‍ കെ.എസ്. മുരളി പറഞ്ഞു. തെറ്റായ പരസ്യങ്ങളും അവകാശ വാദങ്ങളും പ്രചരിപ്പിച്ച് നിരാലംബരായ മത്സ്യത്തൊഴിലാളികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് കമ്പനി. എല്‍എന്‍ജി ടെര്‍മിനല്‍ വന്നതിനു ശേഷം ഇപ്പോള്‍ തന്നെ മത്സ്യ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. മൂന്ന് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ കൊച്ചി അഴിമുഖത്ത് നിന്ന് മീന്‍ പിടിക്കുന്നു. 2005ല്‍ കമ്മീഷന് ചെയ്യുമെന്ന് പറഞ്ഞ പദ്ധതി ഇതുവരെ നടപ്പാക്കാന്‍ കഴിയാത്തത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതികമായി വളരെയധികം സെന്‍സിറ്റീവായ പുതുവൈപ്പ് മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൈവ വൈവിധ്യത്തിന് ഭീഷണിയാണെന്ന് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി 2015 ല്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധി ചാള്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടി.
പ്ലാന്റ് പൂര്‍ത്തിയാകുന്നതോടെ റോഡ് വഴിയുള്ള എല്‍പിജി ടാങ്കര്‍ നീക്കത്തിലൂടെ സംഭവിക്കുന്ന അപകടങ്ങള്‍ കുറയ്ക്കാനാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സമിതിയെ അറിയിച്ചു. കൂടാതെ കേരളത്തിലെ വര്‍ധിച്ചു വരുന്ന എല്‍പിജി ആവശ്യത്തിനും പരിഹാരമാണ് പ്ലാന്റ്. 2022 ഓടെ കേരളത്തിലെ 95% വീടുകളിലും എല്‍പിജി ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാകും.
റിഫൈനറി വിപുലീകരണം സാധ്യമായാലും ആവശ്യത്തിനനുസരിച്ച് ലഭ്യത ഉറപ്പാക്കാന്‍ കഴിയില്ല. കൂടാതെ പ്ലാന്റിന് പോര്‍ട്ട് ട്രസ്റ്റ്, കേരള സര്‍ക്കാരിന്റെ സൈറ്റ് അപ്രൈസല്‍ കമ്മിറ്റി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന്, സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് എന്നിവയുടെ അനുമതി ലഭിച്ചിട്ടുള്ളതാണെന്നും കമ്പനി യോഗത്തില്‍ അറിയിച്ചു.
പദ്ധതിയുടെ 30 ശതമാനവും സുരക്ഷയ്ക്കായാണ് വിനിയോഗിക്കുന്നത്. 24 മണിക്കൂര്‍ സിസിടിവി ക്യാമറ നിരീക്ഷണമുണ്ടാകും. പ്ലാന്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് സമര സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. 500 ടാങ്കര്‍ ലോറികള്‍ക്ക് എല്‍പിജി നിറയ്ക്കാനുള്ള അനുമതിയാണ് ഐഒസി നേടിയിരിക്കുന്നത്. ഇത് കൊച്ചി നഗരത്തിന് വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്.
എല്‍പിജി പ്ലാന്റുമായി ബന്ധപ്പെട്ട് വിവിധ വശങ്ങള് പരിശോധിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂവെന്ന് എസ്. ശര്‍മ്മ എംഎല്‍എ പറഞ്ഞു. ഇത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. പദ്ധതി നിര്‍മ്മാണത്തിന് രാത്രിയും പകലും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പഠനം നടത്തുകയാണ്. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ കൂടി പരിഗണിച്ചായിരിക്കും നടപടിയെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരായ പി.വി. അന്‍വര്‍, ഒ.ആര്. കേളു, അനില്‍ അക്കര എന്നിവരും ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, നിയമസഭ അഡീഷണല്‍ സെക്രട്ടറി കെ.എസ്. അനസ്, വിവിധ വകുപ്പ് ജീവനക്കാര്‍, കമ്പനി പ്രതിനിധികള്‍, സമരസമിതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: