മട്ടാഞ്ചേരി: നൂറ്റാണ്ട് മുമ്പുള്ള തലമുറകളുടെ വേരുകള്‍ തേടി ഡച്ച് സംഘം കൊച്ചിയിലെത്തി. ഡച്ച് പടനായകന് സിമണ്‍ ഹോക്സ്ട്രയുടെ ആറാം തലമുറക്കാരാണ് ഫോര്‍ട്ടുകൊച്ചിയിലെ ഡച്ച് സെമിത്തേരിയിലെത്തിയത്.
കല്ലറയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ചശേഷം വണങ്ങിയും ഇവര്‍ പഴയകാല സ്മൃതികളുണര്‍ത്തി. 1663- ലാണ് പോര്‍ച്ചുഗീസ് ആധിപത്യത്തെ തകര്‍ത്ത് ഡച്ചുകാര്‍ കൊച്ചി കയ്യടക്കിയത്. ഡച്ച് സൈന്യാധിപനായി 1712-ലാണ് സിമണ്‍ ഹോക്സ്ട്ര ചുമതലയേറ്റത്. 1735ല്‍ കൊച്ചിയില്‍ വെച്ച് ഹോക്സ്ട്ര മരണപ്പെടുകയും ചെയ്തു. ഫോര്‍ട്ടുകൊച്ചി ലൈറ്റ് ഹൗസിന് സമീപത്തുള്ള ഡച്ച് സെമിത്തേരിയില്‍ പ്രത്യേക കല്ലറയൊരുക്കി ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരമെന്ന് ചരിത്രം ചൂണ്ടിക്കാട്ടുന്നു.
നൂറ്റാണ്ടുകള്‍ക്ക് ശേഷം പിന്തലമുറക്കാര് പകര്‍ന്ന വിവരങ്ങളുമായാണ് ആറാംതലമുറ പിതൃസ്മൃതിയുമായി കൊച്ചിയിലെത്തിയത്. സിമണിന്റെ ആറാം തലമുറയില്‍പ്പെട്ട ബോബ്ഹോക്സ്ട്ര, ഭാര്യ മാര്ഗാ സ്മിത്ത്, നിയെന്കെ ഹോക്സ്ട്ര, ഭാര്യ ജെല്ലി റെഹ് വേസ് എന്നിവരാണ് കൊച്ചിയിലെത്തിയത്.
ചര്‍ച്ചസ് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിലുള്ള പൂട്ടിക്കിടന്ന സിമിത്തേരി അധികൃതരുമായി ബന്ധപ്പെട്ടാണ് തുറന്നത്. നൂറോളം കല്ലറകളാണ് സെമിത്തേരിയിലുള്ളത്. ഇവയില്‍ ഏറെ നേരത്തെ തിരച്ചിലിനിടയില്‍ പിന്തലമുറക്കാര് സിമണ്ന്റെ കല്ലറ കണ്ടെത്തി.
തേഞ്ഞ് മാഞ്ഞിരിക്കുന്ന കൊത്തിവെച്ച കല്ലറകളിലെ പേരുകള്‍ക്കിടയില്‍ നിന്ന് കല്ലറ കണ്ടെത്താന്‍ ഇവര്‍ക്ക് കൊച്ചിയുടെ ചരിത്രകാരന് എം.എം. സലീമിന്റെ സഹായം തേടി. തുടര്‍ന്ന് പ്രാര്‍ത്ഥനയും. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഡച്ചുകാരുടെ സ്മാരകങ്ങള്‍ കാത്തു സൂക്ഷിക്കുന്ന നാടിനും നാട്ടുകാര്‍ക്കും ഇവര്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ഡച്ച് കൊട്ടാരവും, ഫോര്‍ട്ടുകൊച്ചിയില്‍ ഡച്ചുകാര്‍ പണിത ഡേവിഡ് ഹാളും സന്ദര്‍ശിച്ചാണ് സംഘം മടങ്ങിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: