മലപ്പുറം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. തീര്‍ത്തും സമാധാനപരമായിരുന്നു ഹര്‍ത്താല്‍. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങളും ഹര്‍ത്താലില്‍ പങ്ക് ചേര്‍ന്നു. പാല്, പത്രം, വിവാഹം, ആംബുലന്‍സ് തുടങ്ങിയവയെല്ലാം ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പുലാമന്തോള്‍-പെരിന്തല്‍മണ്ണ-കൊളത്തൂര്‍ എന്നിവിടങ്ങളിലൊന്നും സ്വകാര്യ വാഹനങ്ങള്‍ അടക്കമുള്ളവ നിരത്തിലിറങ്ങുന്നില്ല. കെഎസ്ആര്‍ടിസിയും നിരത്തിലിറങ്ങിയില്ല. സ്വകാര്യബസുകളെല്ലാം സര്‍വീസ് നിര്‍ത്തിവെച്ച് ജനകീയ സമരത്തില്‍ പങ്കെടുത്തു.
കൊണ്ടോട്ടി, മഞ്ചേരി, നിലമ്പൂര്‍, എടക്കര, പെരിന്തല്‍മണ്ണ, വണ്ടൂര്‍, കൊളത്തൂര്‍, മലപ്പുറം, കോട്ടക്കല്‍, വേങ്ങര, ചെട്ടിപ്പടി, തിരൂര്‍, താനൂര്‍, പൊന്നാനി, എടപ്പാള്‍ തുടങ്ങി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
ബിജെപി പൊന്മുണ്ടം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രധിഷേധ പ്രകടനം വൈലത്തുരില് നടന്നു. പ്രകടനത്തിന് കെ.പി.ആര്.കുട്ടന്, ഹരിദാസ്, ശിവദാസന്‍, ശശി, പ്രവീണ്‍ ലാല്‍, രാജു, വിജീഷ്, വേലു, പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ പെരുമ്പറമ്പത്ത് പ്രകടനം നടന്നു. രജീഷ്, രാജേഷ്, സദാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: