മലപ്പുറം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ജില്ലയിലെ ക്ഷേത്രങ്ങളില്‍ നിറപുത്തിരി ആഘോഷിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നടന്ന ആഘോഷത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
തിരൂര്‍: തൃപ്രങ്ങോട് ക്ഷേത്രത്തില്‍ രാവിലെ ഭഗവാന്റെ ശംഖാഭിഷേകത്തിനു ശേഷം കതിര് സമര്‍പ്പിക്കാനുള്ള അവകാശിയായ ചെര്ണ്ണത്ത് പ്രഭാകരന് നെല്‍ക്കതിരുമായി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ എത്തിയതോടെ ഇല്ലംനിറയ്ക്ക് തുടക്കമായി. കതിര് ഏറ്റുവാങ്ങിയ ക്ഷേത്രം മേല്‍ശാന്തി തോട്ടുപുറത്ത്മന അജിത് കുമാര്‍ നമ്പൂതിരി കതിരുമായി ഭഗവനേയും മറ്റു ഉപദൈവങ്ങളെയും വലംവെച്ച് ഇക്കൊല്ലത്തെ ചടങ്ങുകള്‍ ഐശ്വര്യ പൂര്‍ണ്ണമാക്കി. കര്‍ക്കടകവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ചയാണ് തൃപ്രങ്ങോട്ടന്റെ ഇല്ലംനിറ. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ചടങ്ങിന് സാക്ഷിയാകാന്‍ നിരവധി ഭക്തജനങ്ങള്‍ എത്തിയിരുന്നു എല്ലാവരും തന്നെ ഇല്ലംനിറയുടെ പ്രസാദമായ നെല്ക്കതിരുമായാണ് മടങ്ങിയത്. കര്ക്കടകമസാചാരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ എല്ല ദിവസവും രാമായണ പാരായണവും നടക്കുന്നുണ്ട്.
പൂക്കോട്ടുംപാടം: കാര്‍ഷിക സമൃദ്ധിയെ വരവേല്‍ക്കാന്‍ ക്ഷേത്രങ്ങളില്‍ നിറപുത്തരി ആഘോഷിച്ചു. വില്ല്വത്ത് ക്ഷേത്രത്തില്‍ രാവിലെ ഏഴിന് ഭക്തജനങ്ങളുടെ അകമ്പടിയോടെ ക്ഷേത്രം മേല്‍ശാന്തി വി.എം.ശിവപ്രസാദ് എമ്പ്രാന്തിരിയും സഹശാന്തിമാരും ചേര്‍ന്ന് നെല്‍ക്കറ്റകള്‍ തലയിലേറ്റി ക്ഷേത്ര പ്രദക്ഷിണം നടത്തി. തുടര്‍ന്ന് കതിരുകള്‍ ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി ഭഗവാന് സമര്‍പ്പിച്ചു. ശ്രീകോവിലിനു ചുറ്റും നെല്‍ക്കതിരുകള്‍ അലങ്കരിച്ചതിനു ശേഷം ഭക്തര്‍ക്ക് പ്രസാദമായി നല്കി. ക്ഷേത്രം ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്, കെ.പി.സുബ്രഹ്മണ്യന്, കരിമ്പില്‍ രാധാകൃഷ്ണന്, ചക്കാനാത്ത് ശശികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
രാമായണ മാസത്തോടനുബന്ധിച്ചു നടക്കുന്ന രാമായണ പാരായണത്തിന് പി.വി.വാസുദേവന്‍ നായര്‍, എ.ജി.വിശ്വനാഥന്, കെ.ബി.വിനോദ്, വിലാസിനിയമ്മ തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് കര്‍ക്കടക കഞ്ഞി വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: