പത്തനംതിട്ട: സ്ത്രീകളുടെയുംമ കുട്ടികളുടെയും സഞ്ചാര സ്വാതന്ത്ര്യം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ട വനിതകളുടെയും റിസോഴ്സ് പേഴ്സണ്‍മാരുടെയും നേതൃത്വത്തില്‍ വാര്‍ഡുതലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. ഈ വര്‍ഷത്തെ വനിതാ ദിനത്തിലാണ് ജില്ലയിലൊട്ടാകെ സംഘടിപ്പിച്ച വാര്‍ഡുതല സംഗമത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിന് തുടക്കമിട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുക, സുരക്ഷിതമായ ഗാര്‍ഹികാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിജിലന്റ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തും അതിക്രമങ്ങള്‍ക്കു വിധേയരാകുന്നവരോ അതിനു സാധ്യതയുള്ളവരെയോ കണ്ടെത്തുകയും പിന്നീട് കുടുംബശ്രീ ജെന്‍ഡര്‍ കോര്‍ണര്‍, ജാഗ്രതാ സമിതി മുഖേന നിയമസഹായം ഉള്‍പ്പെടെ ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ ലഭ്യമാക്കുകയുമാണ് വിജിലന്റ് ഗ്രൂപ്പുകളുടെ ചുമതല. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാതിനിധ്യവും ഉറപ്പാക്കികൊണ്ടായിരിക്കും വിജിലന്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ മുഖേന അതത് പ്രദേശങ്ങളില്‍ എല്ലാ മാസവും കൗണ്‍സിലിംഗും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. ഓരോ വാര്‍ഡിലും രൂപീകരിക്കുന്ന വിജിലന്റ് ഗ്രൂപ്പുകളില്‍ അതത് വാര്‍ഡുകളിലെ അയല്‍ക്കൂട്ട വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കും. സി.ഡി.എസ്, എ.ഡി.എസ് പ്രവര്‍ത്തകര്‍, അങ്കണവാടി അമ്മമാരുടെ കമ്മിറ്റി, ബാലസഭ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സാംസ്കാരിക സംഘടനകള്‍ എന്നിവര്‍ കൂടി ഉള്‍പ്പെട്ടതാണ് വിജിലന്റ് ഗ്രൂപ്പുകള്‍. ജില്ലയിലൊട്ടാകെ ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ സ്ത്രീ ശിശു സൗഹൃദ പ്രദേശങ്ങള്‍ രൂപീകരിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള ജില്ലാതല ശില്പശാല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മുഹമ്മദ് റഷീദ് ശില്പശാല ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: