മാനന്തവാടി : തിരുവനന്തപുരം സ്വദേശിയായ യുവാവ് കബനിപുഴയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ സുലിലിന്റെ മരണമാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകി പോലീസ് കസ്റ്റഡിയിലാണ്. കൊയിലേരി ഊര്‍പ്പള്ളി സ്വദേശികളായ മണിയാറ്റിങ്കല്‍ പ്രശാന്ത് എന്ന ജയന്(36), വേലിക്കോത്ത് അമ്മു(38), പൊയില്‍ കോളനി കാവലന്(52) എന്നീ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിക്ക് നല്കിയ പണം തിരിച്ചുചോദിച്ചതാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും കൊല നടത്താന്‍ വേലകാരിക്ക് ക്വട്ടേഷന്‍ നല്‍കിയതായുമായാണ് പോലീസ് നിഗമനം.
2016 സെപ്തംബര്‍ 26നാണ് സംഭവം. ആറ്റിങ്ങല്‍ അവനഞ്ചേരി തച്ചൂര്‍കുന്ന് എസ്എന്‍ മന്ദിരത്തില്‍ സുലില്‍ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ മൂന്ന് കോടിയോളം രൂപയുമായാണ് കാമുകിയുടെ വലയില്‍ വീഴുന്നത്. ഇതില്‍ ഒന്നര കോടിയോളം രൂപ കാമുകി കൈക്കലാക്കിയിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ടതാണ് സുലിലിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കൊല നടത്താന്‍ വേലക്കാരിയായ അമ്മുവിനെ ചുമതലപ്പെടുത്തുകയായിരുന്നു. കൊലപാതക ദിവസം കാമുകി തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു. കൊല നടത്താന്‍ ലക്ഷങ്ങള്‍ അമ്മുവിന് വാഗ്ദാനം ചെയ്തതായാണ് സൂചന. 2016 സെപ്തംബര്‍ 26 ന് സുലിലിനെ അമ്മുവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അമ്മുവും കാമുകന് ജയനും കൂടി കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലുകയും കാവലന്റെ സഹായത്തോടെ പുഴയില്‍ തള്ളുകയായിരുന്നു. കൊല്ലാനുപയോഗിച്ച കമ്പി അമ്മുവിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. പോലീസ് മൂന്ന് പേരെയും കൊയിലേരി ഊര്‍പ്പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മാനന്തവാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.മണി എസ്.ഐ.രജീഷ് തെരുവത്ത് പീടിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: