മാനന്തവാടി : വന്യമൃഗശല്യം ഏറെ രൂക്ഷമായി തുടരുന്ന നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ രണ്ട് റെയ്ഞ്ചുകളില്‍ റെയ്ഞ്ച് ഓഫീസര്‍മാരില്ലാത്തത് പ്രതിസന്ധികള്‍ സൃഷ്ട്ടിക്കുന്നു. പേര്യ, മാനന്തവാടി റെയ്ഞ്ചുകളിലാണ് ഓഫീസര്‍മാരില്ലാത്തത്. ഇത് ഓഫീസ് പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെയുമാണ് സാരമായി ബാധിക്കുന്നത്.
മാനന്തവാടി റെയ്ഞ്ച് ഓഫീസര്‍ ഏപ്രില്‍ 30ന് റിട്ടയര്‍ ചെയ്തു. തുടര്‍ന്ന് ബേഗൂര്‍ റെയ്ഞ്ചര്‍ക്ക് മാനന്തവാടി റെയ്ഞ്ചിന്റെ അധിക ചുമതല നല്‍കുകയായിരുന്നു. സംസ്ഥാനത്തെ വനം വകുപ്പിന്റെ ഏറ്റവും വലിയ റേയ്ഞ്ചുകളില്‍ ഒന്നാണ് ബേഗൂര്‍ എന്നതിലുപരി ഇന്ത്യയില്‍ തന്നെ വന്യമൃഗ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്ത തിരുനെല്ലി പഞ്ചായത്ത് ബേഗൂര്‍ റെയ്ഞ്ചിന് കീഴിലാണെന്നും ജോലി ഭാരം ഇരട്ടിയാക്കുകയാണ്. ഇതോടെ ഓഫീസ് പ്രവര്‍ത്തനവും ഫീല്‍ഡിലെ പ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ട് പോവാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം കാട്ടികുളത്ത് ഉണ്ടായപ്പോലെയുള്ള അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടാകുന്നതും ദുരിതമാവുകയാണ്. പേര്യ റെയ്ഞ്ച് ഓഫീസര്‍ ജൂണ്‍ 30 നാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ഇവിടെയും പകരം ആളെ നിയമിച്ചിട്ടില്ല. ഈ റെയ്ഞ്ചിന്റെ അധിക ചുമതലയും ബേഗൂര്‍ റെയ്ഞ്ചര്‍ക്ക് നല്കാന് ശ്രമം ഉണ്ടായെങ്കിലും അദ്ദേഹം വിസമ്മതിച്ചതായാണ് പറയപ്പെടുന്നത്. മാനന്തവാടി സാമുൂഹ്യ വനവത്ക്കരണ വിഭാഗം റെയ്ഞ്ച് ഓഫീസര്‍ക്കാണ് ഇപ്പോള്‍ പേര്യ റെയ്ഞ്ചിന്റെ അധിക ചുമതല. മുമ്പില്ലാത്ത വിധം സാമുഹ്യ വനവല്‍ക്കരണ വിഭാഗത്തില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനാല്‍ തന്നെ ഈ റെയ്ഞ്ച് ഓഫീസര്‍ക്കും രണ്ട് റെയ്ഞ്ചിലെയും ദൈനംദിന കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കൂടാതെ, രണ്ട് ഡിഎഫ്ഒമാരുടെ കീഴിലാണ് ഈ റെയ്ഞ്ച് ഓഫിസര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതും ഏറെ വിചിത്രമാണ്.
ദൈനംദിനം വന്യമൃഗശല്ല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഷ്ട്ടപരിഹാരം ഉള്‍പ്പെടെയുള്ളവ നിശ്ചയിച്ച് നല്‍കുന്നതിന് കാലതാമസം നേരിടുന്നതിനും പ്രധാന കാരണങ്ങള്‍ രണ്ട് റെയ്ഞ്ചുകളിലും സ്വതന്ത്ര ചുമതലയുള്ള ഓഫീസര്‍മാരെ നിയമിക്കാത്തതിനാലാണ്. സംസ്ഥാനത്ത് 14 ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസര്‍മാരെ റെയ്ഞ്ച് ഓഫീസര്‍മാരായി പ്രമോട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവരെ നിയമിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത്നിന്നും നടപടികള്‍ ഉണ്ടാവത്തതാണ് പല റെയ്ഞ്ചുകളിലും ഓഫീസര്മാരില്ലാത്തതിന് കാരണം എന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: