‘പ്രേമലേഖ’ എന്ന ചിത്രം നിര്‍മ്മിച്ചത് അരവിന്ദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണെന്നറിയാം. അതിനപ്പുറം നിര്‍മ്മാതാക്കള്‍ ആരാണെന്ന് അറിയുവാനായില്ല. ചിത്രം ഓര്മിക്കത്തക്കതല്ലാതാകുമ്പോള് നിര്‍മ്മാതാക്കളെ ഓര്‍മ്മവയ്ക്കേണ്ട കാര്യമില്ലാത്തതുകൊണ്ടാവാം ലഭ്യമായ ചലച്ചിത്ര പുരാണങ്ങളിലെങ്ങും അവര്‍ രേഖപ്പെടുത്താതെ പോയത്. ഉദയാ സ്റ്റുഡിയോയില്‍ വച്ചായിരുന്നു നിര്‍മാണം. എം.കെ. മണിയായിരുന്നു സംവിധായകന്. മണി എന്ന പേരില്‍ പിന്നീട് ഒന്നിലേറെ സംവിധായകര്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അവരാരുമായിരുന്നിരിക്കില്ല ഇദ്ദേഹം എന്നനുമാനിക്കുന്നതിന് അവര്‍ക്കിടയിലെ കാലത്തിന്റെ അകലം തന്നെ മുഖ്യ ന്യായം.
ഉത്തരാശ്രമത്തില്‍ മലയാളമനോരമയുടെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പി.കെ. രാമന്‍പിള്ള ഹാസ്യകവിതകളിലൂടെ അന്നാളുകളില്‍ അറിയപ്പെട്ടിരുന്ന ഹാസ്യസാഹിത്യകാരനാണ്. വാണക്കുറ്റി എന്ന പേരിലാണദ്ദേഹം എഴുതിവന്നത്. ‘പ്രേമലേഖ’യ്ക്കു വേണ്ടി കഥയും സംഭാഷണവും ഗാനങ്ങളുമെഴുതിയത് വാണക്കുറ്റിയാണ്. മാന്നാനത്ത് പാപ്പിയമ്മയുടെയും വെച്ചൂര്‍ പാറയില്‍ നീലകണ്ഠപിള്ളയുടെയും മകനായിരുന്നു ഇദ്ദേഹം. ‘പ്രേമലേഖ’യാണ് അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം. ചിത്രത്തില്‍ ഒരു ഹാസ്യവേഷം അദ്ദേഹം അഭിനയിക്കുകയും ചെയ്തു. രണ്ടുമൂന്നു ചിത്രങ്ങള്‍ക്കുവേണ്ടി കൂടി തൂലിക കയ്യാളി. എട്ടോളം ചിത്രങ്ങളിലഭിനയിച്ചു. പക്ഷെ ഒന്നും വേണ്ടവിധം ശ്രദ്ധ നേടിയില്ല.
കഥയുടെ ഫ്രെയിമില്‍ ഒരു പുതുമ ആരോപിക്കാമെങ്കിലും അതിലിട ചേര്‍ത്ത ചേരുവകളെല്ലാം അന്നത്തെ പതിവിന്‍പടി കലര്പ്പുകളായിരുന്നു. അതനിവാര്യമായും ചിത്രഗാത്രത്തെ ദുര്‍ബ്ബലമാക്കി. വിദഗ്ദ്ധമായ സംവിധാനം അതിനെ കൂടുതല്‍ പരീക്ഷണമാക്കി. പ്രേക്ഷകരില്‍ ഒരു സ്വാധീനവും ചെലുത്താതെ ‘പ്രേമലേഖ’ സ്വാഭാവികമായും വിസ്മൃതിയിലാണ്ടു.
വളരെ അടുപ്പത്തിലും സ്നേഹവേഴ്ചയിലും ഒരുകുടുംബംപോലെ കഴിഞ്ഞിരുന്ന രണ്ട് വീട്ടുകാര്‍ ഒഴിവാക്കാമായിരുന്ന നിസ്സാരകാരണങ്ങളെ വെറുതെ ഊതിപ്പെരുപ്പിച്ചു ശത്രുക്കളായി മാറുന്നത്. അക്കാലത്ത് മലയാള സിനിമയില്‍ കണ്ടുമടുക്കാത്ത ഒരു കഥയായിരുന്നു. മംഗലത്തു കുറുപ്പും കുമ്പളത്തു പണിയ്ക്കരുമാണ് അപ്രകാരം രമ്യതയില്‍ കഴിയുകയും പിന്നീട് ശത്രുക്കളായി മാറുകയും ചെയ്ത കുടുംബങ്ങളിലെ കാരണവന്മാര്. ശത്രുത നാമ്പെടുക്കുന്നതിനു കാരണമായത് ഒരു തിരുവാതിരാഘോഷവേളയില് രണ്ടു വീട്ടിലെയും കുട്ടികള്‍ തമ്മിലുണ്ടായ നിസ്സാര കലഹത്തെ ഇരുവശത്തെയും മുതിര്‍ന്നവര്‍ ഏറ്റെടുത്തതോടെയാണ്. ശത്രുത കൊടുമ്പിരി കൊള്ളുമ്പോള്‍ ബന്ധങ്ങള്‍ ഉലയുന്നു.
അപ്പുറത്തെ വീട്ടിലെ ജാനുവും ഇപ്പുറത്തെ വീട്ടിലെ ഗോപിയും കുഞ്ഞുന്നാളിലെ കളിച്ചു വളര്‍ന്നവരാണ്. മുതിര്‍ന്നപ്പോല്‍ ആ അടുപ്പം പ്രണയമായി വളര്‍ന്നു. അതിനിടയിലാണ് കുടുംബങ്ങള്‍ തമ്മിലകലുന്നത്. പ്രേമത്തെ രണ്ടുവീട്ടുകാരും വീറോടെ എതിര്‍ത്തു. പ്രതീക്ഷ നഷ്ടപ്പെട്ടു ഗോപി നാടുവിടുന്നതും പല നാടുകളില്‍ അലഞ്ഞുതിരിഞ്ഞു ദുരിതങ്ങള്‍ താണ്ടുന്നതുമാണ് ചിത്രത്തിലെ പിന്നുള്ള കഥാഭാഗം. അവിടംവരെ പറഞ്ഞെത്തിയ കഥ, ആ കഥയില്‍ കുത്തിനിറച്ച അനാവശ്യ കഥാപാത്രങ്ങളെയും അവര്‍ തീര്‍ത്ത കൃത്രിമ നാടകീയ മുഹൂര്‍ത്തങ്ങളെയും മാറ്റിനിറുത്തിയാല്‍, പിന്നീട് ഈ ജനുസ്സില്‍ വന്ന മറ്റു ചില മലയാള ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. കാനത്തിന്റെ തിരക്കഥയില്‍ ജെ.ജെ. പ്രൊഡക്ഷന്‍സിനുവേണ്ടി ജേസി സംവിധാനം ചെയ്ത ‘ആരും അന്യരല്ല’ പെട്ടെന്നോര്‍മ്മയില്‍ തെളിയുന്ന ഒരുദാഹരണമാണ്.
ഗോപി നാടുവിടുന്നതോടെ കഥയുടെ ഗതി മാറി. അലച്ചിലിന്റെയും യാതനകളുടെയും ദേശാടന നാളുകള്‍ക്കുശേഷം ഗോപി തിരിച്ചെത്തി ജാനുവിനെ സ്വന്തമാക്കുന്നതോടെ കഥ ഒരുവിധത്തില്‍ അവസാനിപ്പിച്ചെടുക്കുകയായിരുന്നു ചിത്രത്തില്‍. വാണക്കുറ്റി രചിച്ച പന്ത്രണ്ടു പാട്ടുകളുണ്ടായിരുന്നു ‘പ്രേമലേഖ’യില്‍. അവയ്ക്ക് സംഗീതം പകര്‍ന്നത് പി.എസ്. ദിവാകറാണ്. തിരുവനന്തപുരത്ത് വേലുപ്പിള്ളയുടെയും ദേവകിയമ്മയുടെയും മകനായി ജനിച്ച ദിവാകര്‍ ബാല്യകൗമാര നാളുകളില്‍ തന്നെ നാടകങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. 1935 ല്‍ മദിരാശിയിലെത്തി ‘മേനക’ എന്ന തമിഴ്ചിത്രവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു ചലച്ചിത്ര പ്രവേശം. സംഗീതരംഗത്ത് അതോടെ കൂടുതല്‍ ശ്രദ്ധിച്ചു. സാക്സ ഫോണ്‍ വാദനത്തില്‍ വൈദഗ്ദ്ധ്യം നേടി.
‘നിര്‍മ്മല’ എന്ന ചിത്രത്തിലൂടെയാണല്ലോ മലയാളത്തില്‍ നടീനടന്മാര്, പിന്നണി ഗായകര്‍ പാടി മുന്നേ റിക്കാര്‍ഡ് ചെയ്ത പാട്ടുകള്‍ അതിനൊത്തു ചുണ്ടനക്കി ചിത്രീകരിക്കുന്ന പ്ലേബാക്ക് സമ്പ്രദായം വരുന്നത്. ‘നിര്‍മ്മല’യില്‍ മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വരികള്‍ക്കു സംഗീതം നല്കി കൊച്ചി സ്വദേശികളായ ടി.കെ. ഗോവിന്ദറാവുവിനെയും സരോജിനി മേനോനെയും കൊണ്ടുപാടിച്ചത് ദിവാകറും ഇ.ഐ.വാര്യരും ചേര്‍ന്നാണ്. അതിലൂടെ പിന്നണി ഗായകര്‍ എന്നൊരു വിഭാഗം മലയാളത്തില്‍ ഉണ്ടാവുന്നതിനു വഴിതുറക്കുവാനുള്ള നിയോഗം വാര്യര്‍ക്കും ദിവാകറിനും ലഭിച്ചു. തമിഴിലും കര്‍ണാടകത്തിലും സിംഹളത്തിലും ദിവാകര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളത്തില്‍ തന്നെ പന്ത്രണ്ടോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്കി. ‘ഇത്തിക്കര പക്കി’യാണ് അവസാനമായി സംഗീതം പകര്‍ന്ന ചിത്രമെന്നാണറിവ്.
‘പ്രേമലേഖ’യിലെ പന്ത്രണ്ടു പാട്ടുകളില്‍ ആദ്യം റിക്കാര്‍ഡ് ചെയ്തത് ‘അനുരാഗ പൂനിലാവില്‍…’ എന്നാരംഭിക്കുന്ന ഗാനമാണ്. എല്‍.എന്‍. ഗാനസരസ്വതി (അതവരുടെ ആദ്യഗാനമായിരുന്നു)യും രമണിയുമാണ് ആ ഗാനം പാടിയത്. ‘ആരിരാരോ….. എന്ന ഒരു ഗാനവും അവര്‍ പാടി. മലയാളിയായ ഗാനസരസ്വതി ശാസ്ത്രീയ സംഗീതത്തില്‍ നിപുണയായിരുന്നു. മലയാളത്തിലും തമിഴിലും കുറച്ചിടെ അവര്‍ പിന്നണി ഗാനരംഗത്തുണ്ടായിരുന്നു. പ്രസാദ റാവു എന്ന ഗായകനും ‘പ്രേമ േലഖ’യിലാണ് ആദ്യം പാടുന്നത്. ”ഭൂവി മേല്‍… എന്നാരംഭിക്കുന്ന ഗാനം. ജോസ് പ്രകാശും ഈ ചിത്രത്തില്‍ പാടി എന്നാണ് ചേലങ്ങാട്ടു ഗോപാലകൃഷ്ണന് എഴുതിക്കണ്ടത്.
തിക്കുറിശ്ശിയുടെ ‘ശരിയോ തെറ്റോ’ എന്ന ചിത്രത്തിനുവേണ്ടിയാണു ആദ്യം ജോസ് പ്രകാശ് പാടിയതെങ്കിലും (താരമേ താണു വരൂ…) ആ ചിത്രം തുടര്‍ വര്‍ഷമേ പുറത്തിറങ്ങിയുള്ളൂ. ചിത്രഗാന സ്മരണികയില്‍ അദ്ദേഹത്തിന്റെ ഗാനവുമായി ആദ്യം പുറത്തിറങ്ങിയ ചിത്രം ‘വിശപ്പിന്റെ വിളി ‘യാണ് എന്ന് കാണുന്നു. ശരിയാവാം. പ്രേമലേഖയും വിശപ്പിന്റെ വിളിയും ഒരേ വര്‍ഷം വലിയ വ്യത്യാസമില്ലാചെ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. പ്രേമലേഖയില്‍ താന്‍ പാടിയ പാട്ടിനെക്കുറിച്ച് ജോസ് പ്രകാശ് അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല. പാടിയിരിക്കാം. ഡേവിഡും ലക്ഷ്മിയും പ്രേമലേഖയില്‍ പാടിയിട്ടുള്ളതായി ചേലങ്ങാട്ട് എഴുതിയിട്ടുണ്ട്. മൂന്ന് പാട്ടുകളുടെ വിവരങ്ങളേ ചിത്രഗാന സ്മരണികയില്‍ നല്‍കിയിട്ടുള്ളൂ. മറ്റു ഗാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് നല്കിക്കാണുന്ന സൂചന.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: