കാക്കനാട്: നിര്‍ദ്ദിഷ്ട ഇന്‍ഫോപാര്‍ക്ക് റോഡ് നാലുവരിപ്പാതയാക്കാനുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിലച്ചിട്ട് പത്തുവര്‍ഷം പിന്നിട്ടു. റോഡ് വികസനത്തിനായി ഏക്കറുകണക്കിനു സ്ഥലം വിട്ടുനല്‍കിയ കുടുംബങ്ങളാണ് വെട്ടിലായിരിക്കുന്നത്. പദ്ധതിക്കായി ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച സ്ഥലം മരവിപ്പിക്കല്‍ ഉത്തരവ് പിന്‍വലിക്കാത്തതു മൂലം ഉടമകള്‍ നട്ടം തിരിയുകയാണ്. 22 ഏക്കര്‍ സ്ഥലം റോഡ് വികസനത്തിന്റെ പേരില്‍ അധികൃതര്‍ മരവിപ്പിച്ചിട്ടിരിക്കുന്നതിനാല്‍ ഉടമകള്‍ക്ക് ഭൂമി വില്‍ക്കാനോ കൃഷി ചെയ്യാനോ കഴിയാതെ നെട്ടോമൊടുക്കുകയാണ്. 2003 മുതല്‍ 2005 വരെയുള്ള കാലയളവില്‍ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലെ ഐഎംജി ജംഗ്ഷനില്‍ നിന്ന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള നിര്‍ദ്ദിഷ്ട നാലുവരിപ്പാതയ്ക്കാണ് കാക്കനാട് വില്ലേജില്‍പ്പെട്ട സ്ഥലങ്ങള്‍ മരവിപ്പിച്ചത്. സ്ഥലമെടുപ്പ് വിജ്ഞാപനത്തിലെ സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപടികള്‍ റദ്ദാക്കിയിരുന്നു.
സ്ഥലവില നല്‍കാനുള്ള ഫണ്ട് ലഭിക്കാതിരുന്നതിനാലാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്ഥലങ്ങളിലെ കൃഷിയെല്ലാം നശിച്ചു പോയതായും കര്‍ഷകര്‍ പറഞ്ഞു. പദ്ധതി നടപ്പാകാത്തതിനാല്‍ നഷ്ടം പരിഹാരവും ലഭിച്ചിട്ടില്ല. കാക്കനാട് നിന്ന് വീഗാലാന്‍ഡ് വരെ നിര്‍മിക്കുന്ന നിര്‍ദ്ദിഷ്ട റോഡിന്റെ ഐ.എം.ജി. ജങ്ഷനില്‍ നിന്ന് തെങ്ങോട് വരെയുള്ള ആദ്യഘട്ട സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനു മുന്നോടിയായി സര്‍വേയും പ്രദേശത്തെ അടയാളക്കല്ലിടലുമൊക്കെ നേരത്തെ തന്നെ നടത്തിയിരുന്നു. കരുഭൂമിയും പാടശേഖരവും ഉള്‍പ്പെടുന്ന ഭൂമിയാണ് ഇന്‍ഫോപാര്‍ക്ക് നാലുവരിപ്പാതയ്ക്കായി ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: