പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രേംനസീര്‍ നായകനായി തകര്‍ത്താടിയ സിനിമയാണ് കൊട്ടാരം വില്‍ക്കാനുണ്ട്. ഇപ്പോള്‍ കൊട്ടാരം വില്‍ക്കാനുണ്ട് മറ്റൊരു തരത്തില്‍ രാഷ്ട്രീയമായി തകര്‍ത്താടുകയാണ്. കുറെക്കാലമായി ഇടയ്ക്കും തലയ്ക്കും വിവാദമായിക്കൊണ്ടിരിക്കുന്ന ഈ കൊട്ടാരത്തിനു പക്ഷേ പേര് കോവളം കൊട്ടാരം എന്നാണ്. കൊട്ടാരം വ്യവയായി രവിപിള്ളയ്ക്ക് സര്‍ക്കാര്‍ വിട്ടുകൊടുക്കുന്നതിനെതിരെ വി.എസ്.അച്യുതാനന്ദന് തന്നെ രംഗത്തു വന്നസ്ഥിതിക്ക് അങ്കം മുറുകുമെന്നുറപ്പ്. കൊട്ടാരം കൈമാറ്റം നിര്‍ഭാഗ്യകരമായിപ്പോയി എന്നാണ് വി.എസ്.പറഞ്ഞിരിക്കുന്നത്. ഭാവിയില്‍ സ്വകാര്യവ്യക്തിക്കു സ്വന്തമാകാം എന്നാണ് അദ്ദേഹം പറയുന്നത്.
ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് 64.5ഏക്കര്‍ സ്ഥലവും കൊട്ടാരവുമാണ് രവിപിള്ള ഗ്രൂപ്പിനു സര്‍ക്കാര്‍ കൈമാറുന്നത്. മന്ത്രിസഭാ യേഗത്തില്‍ ഇതിനു തീരുമാനമായി. സിപിെഎ ആദ്യം ഇതിനു തടസം നിന്നുവെങ്കിലും പിന്നീട് പച്ചക്കൊടി കാണിക്കുകയായിരുന്നു. ഇടതു സര്‍ക്കാരില്‍ വല്യേട്ടനായ സ്വന്തം പാര്‍ട്ടി തന്നെ കൈമാറ്റം നടത്തിയതിനു നേതൃത്വം നല്‍കിയതിനു പിന്നിലുള്ള വലിയ കള്ളക്കളികളെക്കുറിച്ച് വി.എസിനു തീര്‍ച്ചയായും അറിവുണ്ടാകണം. പിണറായി വിജയന് തന്നെയാണ് ഈ കൈമാറ്റത്തിന്റെ പ്രധാന ശില്പി. രവിപിള്ള കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ വമ്പന്‍ വ്യവസായിയാണ്. അദ്ദേഹവും മാര്‍ക്സിസ്റ്റ് നേതാക്കളും തമ്മിലുള്ള അഭേദ്യ ബന്ധം ഇവിടത്തെ കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം. പ്രത്യേകിച്ചു പിണറായിയുടേയും കോടിയേരിയുടേയും മറ്റു സില്‍ബന്ധികളുടേയും മാനസ പുത്രനാണ് രവിപിള്ള. സിപിഎമ്മിന്റെ പലനേതാക്കന്മാരുടേയും മക്കള്‍ രവിപിള്ളയുടെ വിദേശ കമ്പനികളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്. ഈ മക്കളില്‍ ഒരാള്‍ ഒരു കമ്പനിയുടെ വൈസ് ചെയര്മാനാണുപോലും. എന്താണ് ഇവര്‍ക്കൊക്ക ഇതിനുള്ള യോഗ്യത എന്നുചോദിച്ചാല്‍ നേതാക്കന്മാരുടെ മക്കളാണ് എന്നതു തന്നെ ഉത്തരം. എന്തെല്ലാം ഇനി കൈമാറാനും വില്ക്കാനുമൊക്കയിരിക്കുന്നു. കോവളം കൊട്ടാരം കൈമാറുന്നതിന്റെ ഗുണം ആര്‍ക്കെല്ലാം എന്തെല്ലാമാണെന്ന് ആര്‍ക്കറിയാം.
വിപ്ളവം പറഞ്ഞു മുതലാളിത്തത്തിലേക്ക് എന്നതാണല്ലോ കോര്‍പ്പറേറ്റു കമ്പനിയായ സിപിഎമ്മിന്റെ നയം. എവിടെ കാശുള്ളവനുണ്ടോ അവനെപ്പിടിച്ചു പോക്കറ്റിലാക്കുക. അല്ലെങ്കില്‍ അവന്റെ പോക്കറ്റിലാവുക എന്നതാണ് വലിയ സഖാക്കളുടെ രീതി. നേതാക്കള്‍ക്കും അവരുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സിഖമായി ജീവിക്കാന്‍വേണ്ടി മാത്രമുള്ളതിന്റെ ചുരുക്കപ്പേരുമാത്രമായി ഇന്ന് സിപിഎം. അതിനുവേണ്ടി സിന്ദാബാദ് വിളിക്കാനും തല്ലാനും കൊല്ലാനും ചാകാനും കുറെ സഖാക്കള്‍. നേതാക്കളെ അവരായി നിലനിര്‍ത്തുന്നതിന് എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ കുട്ടി സംഘടനകള്‍.
രവിപിള്ളയ്ക്കു കൊട്ടാരം കൈമാറിയതിനെ എതിര്‍ത്തതുകൊണ്ടാണ് വിന്‍സെന്റ് എംഎല്‍എയെ ജയിലിലാക്കിയതെന്നാണ് കോണ്‍ഗ്രസുകാര്‍ പറഞ്ഞു നടക്കുന്നത്. എന്തിനു കോണ്‍ഗ്രസ്. പിണറായിക്കിട്ടു പണിയാന്‍ വി.എസുണ്ടല്ലോ. പിബിക്കു വി.എസ് പരാതികൊടുത്തിരിക്കുന്നതു ഇടതുസര്‍ക്കാരിനെതിരെ ആണെങ്കിലും അതു സാക്ഷാല്‍ പിണറായിക്കിട്ടു തന്നെയാണ്. കഴിഞ്ഞ ദിവസം പിണറായി യെച്ചൂരിക്കു പണികൊടുത്തു. യെച്ചൂരി പിണറായിക്കു തിരിച്ചു പണിയാന്‍ ഒരുങ്ങുകയാണെന്നു കേള്‍ക്കുന്നു. അതിനിടയിലാണ് കോവളം കൊട്ടാര വിവാദം. ഇനി കേരളം വില്‍ക്കാനുണ്ട് എന്ന ബോര്‍ഡും നാളെ ഏകെജി സെന്ററിനു മുന്നില്‍ തൂങ്ങുമോ. പറയാന്‍ പറ്റില്ല, ഇടതു സര്‍ക്കാരല്ലേ ഭരിക്കുന്നത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: