നിലമ്പൂര്‍: നിലമ്പൂര്‍ കോടതിക്ക് സമീപം കുഴല്‍പ്പണം കവര്‍ന്ന കേസില്‍ രണ്ട് തിരുവനന്തപുരം സ്വദേശികള്‍ കൂടി പോലീസിന്റെ പിടിയിലായി.
പൂന്തുറ മാണിക്യവിളാകം ആറ്റിനരികത്ത് ബൈജു എന്ന പ്രോബ്ലം ബൈജു(35), ഓട്ടോ ഡ്രൈവറായ പൂന്തുറ മാണിക്യവിളാകം സബീര്‍ ജമാലുദ്ദീന്‍(32), എന്നിവരെയാണ് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ നിലമ്പൂര്‍ സിഐ കെ എം ദേവസ്യയുടെ നേത്യത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചക്ക് ഒരു മണിക്ക് നിലമ്പൂര്‍ കോടതിക്ക് സമീപം കുളക്കണ്ടം റോഡില്‍ കുഴല്‍പ്പണ വിതരണത്തിന് ബൈക്കില്‍ പോവുകയായിരുന്ന മഞ്ചേരി വെള്ളാമ്പ്രം സ്വദേശി ചേങ്ങോടന്‍ ഷൗക്കത്തലിയെ പിന്തുടര്ന്ന് അടിച്ച് വീഴ്ത്തി കൈവശമുണ്ടായിരുന്ന 12,65,000 രൂപ കൊള്ളയടിച്ചിരുന്നു.
ഈ കേസിലെ പ്രധാന പതി തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പൊക്കം ഷാജഹാന്റെ ഭാര്യയുടെ സഹോദരിയുടെ മക്കളും ഉപ്പട മലച്ചി സ്വദേശികളായ സഹോദരന്മാരുമായ ഷാഹിര്‍(സഫാര്‍-27), ഷഫീക്ക്(മുത്തു-29) എന്നിവരെ ഫെബ്രുവരി 20ന് പിടിച്ചിരുന്നു. സംഭവത്തിന് ശേഷം വിദേശത്തും നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞ ഷാജഹാനെ കഴിഞ്ഞ ഏപ്രില്‍ ആദ്യവാരം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടി.
സംഭവത്തിന് ഉപയോഗിച്ച മഞ്ചേരിയില്‍ നിന്നും വാടകക്കെടുത്ത മാരുതി എര്‍ട്ടിഗ കാറും പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. പിടിയിലാകുമ്പോള്‍ ഷാജഹാന്റെ കൈവശമുണ്ടായിരുന്ന രണ്ട് പാസ്പോര്‍ട്ടുകളും വ്യാജമായിരുന്നു. ഇതിന്റെ അന്വേഷണം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് കേന്ദ്രീകരിച്ച് നടന്നുവരുന്നതിനിടയിലാണ് ഷാജഹാന് ജാമ്യത്തിലിറങ്ങിയത്.
ഇപ്പോള്‍ പിടിയിലായ പ്രതികള്‍ ഷാജഹാന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം പൂന്തുറ സ്വദേശി ആസാദ് നഗര്‍ നിസാം എന്ന അച്ചൂട്ടി നിസാം(40) എന്നയാളുടെ കൂടെ ഇയോണ്‍ കാറില്‍ തിരുവനന്തപുരത്ത് നിന്നും സംഭവം നടത്താനായി എത്തിയവരാണ്.
നിസാം ഇപ്പോള്‍ ഗള്‍ഫിലാണ്. ഈ കേസില്‍ നിസാം മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. വിദേശത്തുള്ള നിസാമിനെ നാട്ടിലെത്തിക്കുന്നതിനായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേത്യത്തില്‍ നടപടികള്‍ ആരംഭിച്ചു.
മോഷണത്തിലൂടെ കിട്ടുന്ന തുക ചീട്ടുകളിക്കുന്നതിനും ആര്‍ഭാട ജീവിതത്തിനുമായിരുന്നു പ്രതികള്‍ ചെലവഴിച്ചിരുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
നിലമ്പുര്‍ സിഐ കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ എസ്ഐമാരായ മനോജ് പറയറ്റ, പ്രദീപ് കുമാര്‍, എഎസ്ഐ എം അസൈനാര്‍, സിപിഒ മാരായ ജയരാജ് ,സാദത്ത് ബാബു, സുജിത്ത്, റിയാസലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: