താനൂര്‍: ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് താനൂര്‍ മേഖലയില്‍ എല്‍ഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. താനൂര്‍ നഗരസഭ, നിറമരുതൂര്‍, ഒഴൂര്‍, താനാളൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
സമാധാന ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെ താനൂരിലും ഉണ്യാലിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ചൊവ്വാഴ്ച രാത്രി താനൂരില്‍ ആല് ബസാര്‍ ഉണ്ണിച്ചിന്റെ പുരക്കല്‍ ഹുദൈഫിനും ഇന്നലെ ഉണ്ണ്യാലില്‍ കിണറ്റിങ്ങല്‍ അക്കു എന്ന അഫ്സലിനുമാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അഫ്സലിനെ തടഞ്ഞു നിര്‍ത്തിയാണ് ഒരു സംഘം ആലിന് ചുവട് ഭാഗത്ത് വെച്ച് വെട്ടിപരിക്കേല്‍പ്പിച്ചത്. കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ അഫ്സലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ആഴ്ച ഇരുപ്രദേശങ്ങളിലെയും രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം സ്ഥാപിക്കുന്നതിനായി സര്‍വ്വകക്ഷി സമാധാന യോഗങ്ങള്‍ ചേര്‍ന്നിരുന്നു. അക്രമത്തിന് മുതിരുന്നവരെ ഒറ്റപ്പെടുത്താനും രാഷ്ട്രീയ പിന്തുണ നല്‍കാതിരിക്കുവാനും വി.അബ്ദുറഹിമാന് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ജില്ലാ കലക്ടര്‍, എസ്പി, ആര്‍ഡിഒ, തിരൂര്‍ ഡിവൈഎസ്പി, താനൂര്‍ സിഐ, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കന്മാര് എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
ഇതിനിടയില്‍ വീണ്ടും അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: