തൃപ്പൂണിത്തുറ: കരിങ്ങാച്ചിറയില്‍ കോണോത്തു പുഴയും സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയും കൈയ്യേറി ഭൂമാഫിയ ഇരുപതോളം നിലകളുള്ള രണ്ടു ബഹുനില കെട്ടിടങ്ങള്‍ പണിയുന്നു. സ്ഥല ഉടമയുമായിട്ടുള്ള പങ്കാളിത്ത വ്യവസ്ഥയില്‍ ആണ് കെട്ടിടത്തിന്റെ നിര്‍മ്മാണം.
കെട്ടിടത്തിന്റെ പൈലിങ് ജോലികള്‍ പുരോഗമിക്കുകയാണ്. പുതിയ കെട്ടിടം പണിയുന്നതിനായി ഫീല്‍ഡ് ഏരിയ റേഷിയോ (എഫ് എ ആര്) പ്രകാരമുള്ള അളവുകള്‍ കൃത്യമായി വേണമെന്ന ചട്ടം കാറ്റില്‍ പറത്തി. നാലു ആധാരങ്ങളില്‍ കിടക്കുന്ന സ്ഥലം അതിന്റെ ഇരട്ടി അളവുകള്‍ വ്യാജമായി ചമച്ച് റവന്യൂ അധികാരികളുടെ ഒത്താശയോടെ വസ്തു നികുതി അടച്ചാണ് നിര്‍മ്മാണ അനുമതി നേടിയട്ടുള്ളത്.
നടമ വില്ലേജിലും, കണയന്നൂര്‍ താലൂക്ക് ഓഫീസിലും ഉന്നതന്മാരുടെ ഇടപെടലുകള്‍ നടന്നതായി ആക്ഷേപമുണ്ട്. 2014 ലെ വിവരാവകാശ രേഖ പ്രകാരം 1554,1382, എന്നീ നമ്പറുകളില്‍ കിടക്കുന്ന സ്ഥലം തോട് പുറമ്പോക്കു ഭൂമി എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ 2015ലെ വിവരാവകാശ രേഖകളില്‍ ഇത് തൃപ്പൂണിത്തുറ ദേവസ്വം ഭൂമിയാക്കി മാറ്റി സ്വകാര്യ വ്യക്തിക്ക് കൈമാറ്റം നടത്തി. ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്നാണ് ഇവിടെ തോട് പുറമ്പോക്ക് ഭൂമികള്‍ പതിച്ചു നല്‍കിയിരിക്കുന്നത്. അഞ്ചു മീറ്ററോളം വീതി ഉണ്ടായിരുന്ന കൈത്തോട് ഏതാണ്ട് പൂര്‍ണമായി നികത്തി കൈയേറി. അതില്‍ ഒരു കൂറ്റന്‍ കിണറും നിര്‍മ്മിച്ഛ് കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ ജലം ഈ കിണറില്‍ നിന്നാണ് ഊറ്റി എടുക്കുന്നത്.
നടമ വില്ലേജില്‍ പഴയ സര്‍വ്വേ പ്രകാരം 1548, 1382/4 എന്നീ നമ്പറുകളിലുള്ള സര്‍ക്കാര്‍ പുറമ്പോക്കിലെ അനധികൃത കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കുന്നതിനായി താലൂക്കില്‍ റിപ്പോര്‍ട്ട് നല്കിയട്ടുള്ളതായി വിവരാവകാശ നിയമം പ്രകാരം നല്കിയ രേഖയില്‍ വ്യക്തമാണ്.
രാഷ്ട്രീയ സ്വാധീനവും ഉന്നത അധികാരികളുടെ ഇടപെടല്‍ മൂലം നാളിതുവരെ യാതൊരു വിധ നടപടികളും സ്വീകരിച്ചിട്ടില്ല. നിരവധി പരാതികള്‍ നഗരസഭാ ഉള്‍പ്പടെ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടും സ്വീകരിച്ചിട്ടില്ല എന്ന് പരിസരവാസികള്‍ പറഞ്ഞു.
ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോപത്തിനു തയ്യാറെടുക്കുകയാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: