അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തിലെ സ്റ്റേഡിയവും ഓപ്പണ്‍ എയര്തീയറ്ററും അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് നശിക്കുന്നു. പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ പതിന്നാലാംമൈല് ജംഗ്ഷന് തെക്ക് ചാലയിലാണ് മിനി സ്റ്റേഡിയവും ഓപ്പണ്‍ എയര്‍ തീയറ്ററും സ്ഥിതി ചെയ്യുന്നത്.
പകല്‍ ഡ്രൈവിങ് പരിശീലനത്തിനും അടൂര്‍ സബ് ആര്‍ടിഎയുടെ ടെസ്റ്റ് സ്ഥലമായും ഉപയോഗിക്കുന്ന ഇവിടം സന്ധ്യ മയങ്ങിയാല്‍ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാകും. ഓപ്പണ്‍ എയര്‍ തീയറ്ററിന്റെ ഭിത്തികളും തൂണുകളും വിണ്ടുകീറി ഏതു നിമിഷവും തകരാവുന്ന സ്ഥിതിയിലാണ്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന ഇവിടെ വൈദ്യുതിയും ലഭ്യമല്ല. വയറിങ് സാമഗ്രികളെല്ലാം നശിച്ച നിലയിലാണ്.
മദ്യപരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും താവളമാവുകയാണിവിടം. കെട്ടിടത്തിന്റെ ജനാല ചില്ലുകള്‍ സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. ഓപ്പണ്‍ എയര്‍ തിയേറ്ററിന് വശങ്ങളിലെ മുറികളുടെ കട്ടിളയും മറ്റും നശിച്ച നിലയിലാണ്. പൊതു ചടങ്ങുകള്‍ നടത്താന്‍ നിര്‍മ്മിച്ച ഓഡിറ്റോറിയം ഇപ്പോള്‍ അനാഥമായ അവസ്ഥയിലാണ്.
1988ലാണ് ഓപ്പണ്‍ എയര്‍ തീയറ്ററും മിനി സ്റ്റേഡിയവും നിര്‍മിച്ചത്. കായികപരിശീലനത്തിന് ഉതകും വിധമുള്ള സൗകര്യങ്ങളൊന്നും തന്നെ മിനി സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. 2010ല്‍ കേന്ദ്രസര്‍ക്കാരിന്റെ പൈക്ക (പ്രധാനമന്ത്രി യുവക്രീഡ യോജന) പദ്ധതിയിലുള്‍പ്പെടുത്തി സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ ജോലികളൊന്നും തന്നെ പൂര്‍ത്തിയായില്ല. പണിപൂര്‍ത്തീകരിക്കാന്‍ ആറ് ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്. എന്നാല്‍ ഡ്രൈവിങ് പരിശീലനം നടത്തി കായികപരിശീലനത്തിന് യോഗ്യമായ സ്റ്റേഡിയം നശിപ്പിക്കുകയാണ്. ഡ്രൈവിങ് പരിശീലനവും ടെസ്റ്റും നിരോധിച്ച് പൂര്‍ണമായും കലാ കായിക പ്രേമികളുടെ പരിപോഷണത്തിന് കളിക്കളവും ഓപ്പണ്‍ എയര്‍ സ്റ്റേഡിയവും പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: