പൂക്കോട്ടുംപാടം: ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച് കവളമുക്കട്ട-അറണാടന്കൈ റോഡ്. കാല്‍നടയാത്ര പോലും ദുസഹമാക്കി ചെളിക്കുളമായി മാറിയിരിക്കുകയാണ് ഈ ഗ്രാമീണപാത. റോഡ് ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ അനസ്ഥാകാണിക്കുകയാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. അറണാടന്കൈയില് താമസിക്കുന്ന എഴുപതോളം കുംടുബങ്ങള്‍ക്ക് കവളമുക്കട്ട ഭാഗത്തേക്കും തേള്‍പ്പാറ ഭാഗത്തേക്കും എത്തിപ്പെടാനുള്ള ഏകമാര്‍ഗ്ഗമാണിത്. റോഡ് നിര്‍മ്മിച്ചതിനു ശേഷം റോഡിന്റെ വികസനത്തിനായി ഒരു ഫണ്ടും പഞ്ചായത്ത് വകയിരുത്തിട്ടില്ല. ഇടതും വലതും മാറിമാറി ഭരിച്ചിട്ടും ജനങ്ങളുടെ പ്രയാസം ആരും മനസിലാക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. മഴ കനത്തതോടെ റോഡിലൂടെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിയുന്നില്ല. ചില ഭാഗങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ക്വാറി വേസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ റോഡിന്റെ മുഴുവന്‍ ഭാഗത്തേക്കും ക്വാറിവേസ്റ്റ് കൊണ്ടിടാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ അതും വെറുതെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: