അമ്പലവയല്‍ : ചക്കയുടെ ഉത്പാദനവും വിപണനവും ലക്ഷ്യമിട്ട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ആഗസ്റ്റ് ഒന്‍പത് മുതല്‍ 14 വരെ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ചക്കമഹോത്സവത്തിലെ ശില്‍പ്പശാലയില്‍ എട്ടുരാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. മലേഷ്യ, വിയറ്റ്നാം, ബംഗഌദേശ്, തായ്ലാന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ 17 ലധികം ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കും. ചക്കയുടെ വര്‍ത്തമാനകാലത്തെ അവസ്ഥയും ഭാവിയിലെ സാധ്യതകളും എന്ന വിഷയെത്തക്കുറിച്ച് മലേഷ്യയിലെ ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ് വര്‍ക്കിലെ ഡോ.മുഹമ്മദ് ദേശ ഹസീം, വിയറ്റ്നാമില്‍ നിന്നുള്ള പ്രൊഫ. ഗുയെന്‍ മിന്‍ചാവു, ബംഗ്ലാദേശില്‍ നിന്നുള്ള പ്രൊഫ. എം.എ.റഹീം, ശ്രീലങ്കയില്‍ നിന്നുള്ള പ്രൊഫ. ഡി.കെ.എന്‍.ജി പുഷ്പകുമാര, കര്‍ണ്ണാടകയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിലെ ഡോ.പ്രകാശ് പാട്ടീല്‍ , തമിഴ്നാട്ടില്‍ നിന്നുള്ള ഡോ.ബാലമോഹന് തുടങ്ങിയവരാണ് ചക്കയുമായി വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. ആഗോളതലത്തില്‍ പ്രശസ്തരായ ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരമാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഒരുക്കുന്നത്. ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിരീതികള്‍, വിളമെച്ചപ്പെടുത്തലുകള്‍, ചക്കയുടെ മൂല്യവര്‍ദ്ധനവും സംസ്കരണവും, വാണിജ്യ ശൃംഖലകളുടെ രൂപവത്കരണം, പാക്കിങ്ങ് ,നൈപുണ്യ വികസന ഏജന്‍സികള്‍ തുടങ്ങിയ മേഖലകളെ സംബന്ധിച്ചാണ് ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഇന്റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ഫ്രൂട്ട്സ് നെറ്റ്വര്‍ക്ക്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശില്‍പ്പാശാല നടത്തുന്നത്. ആഗസ്ററ് 11 ന് നടക്കുന്ന ചക്കമഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കും. ചക്കയുമായി ബന്ധപ്പെട്ട നാല് സെമിനാറുകള്‍ നാല് ദിവസവും നടക്കും. ചക്കയുടെ സമ്പൂര്‍ണ്ണ മൂല്യവര്‍ദ്ധനവ് എന്ന വിഷയത്തില്‍ സ്ത്രീകള്‍ക്കായി പരിശീലനം ആഗസ്റ്റ് ഒന്‍പത് മുതല്‍ 13 വരെ നടക്കും. ചക്കമഹോത്സവത്തോടനുബന്ധിച്ച് ചക്കവരവും ആദ്യദിവസം നടക്കും. ഘോഷയാത്രയോടെയാണ് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്ക് ഇവരെ സ്വീകരിക്കുക. കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക പ്രതിനിധികള്‍, നഴ്സറി പ്രതിനിധികള്‍, വിവിധ സംരംഭകര്‍ എന്നിവരുടെ 500 ഓളം സ്റ്റാളുകള്‍ ഇവിടെ തയ്യാറാക്കും. ചക്ക മഹോത്സവത്തിന്റെ അഞ്ചാം ദിവസം ആഗസ്റ്റ് 13 ന് 2000 ത്തോളം പേര്‍ക്ക് ചക്കയുടെ പതിനെട്ടോളം വിഭവങ്ങളടങ്ങിയ ചക്കസദ്യ ഒരുക്കും. വിവിധങ്ങളായ മത്സരങ്ങളും നടക്കും.
ചക്ക വ്യവസായങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന യന്ത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ചക്ക പ്രദര്‍ശനം, ചക്ക ഫോട്ടോഗ്രാഫി, ചക്ക കാര്‍വിങ്ങ്, ചിത്രരചന, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളും നടത്തും. മുത്തശ്ശി പ്ലാവിനെ ആദരിക്കല്‍ തുടങ്ങിയവയും നടക്കും. മികച്ച ചക്ക കര്‍ഷകനെ ചടങ്ങില്‍ ആദരിക്കും. കൂടാതെ ചക്കമഹോത്സവത്തോടനുബന്ധിച്ച് മിനി പൂപ്പൊലിയും സംഘടിപ്പിക്കും.അന്താരാഷ്ട്ര ചക്കമഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്തിമിഘട്ടത്തിലാണ്. ഇതിനുമുന്നോടിയായുള്ള യോഗത്തില്‍ കേരള കാര്‍ഷിക സര്‍വകാലശാല ഗവേഷണവിഭാഗം മേധാവി ഡോ.പി.ഇന്ദിരാദേവി, വിജ്ഞാന വിനിമയ വിഭാഗം മേധാവി ജിജി അലക്സ്, കാര്‍ഷിഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ പി.രാജേന്ദ്രന്, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ കെ.ആശ, ഡോ.എന്‍.ഇ.സഫിയ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അംഗം സി.ഡി.സുനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: