തേങ്കുറിശ്ശി: മലിനീകരണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അഞ്ചത്താണി പൊന്പറമ്പിലെ സ്വകാര്യ അരിമില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുവാന്‍ പഞ്ചായത്ത് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസമാണ് തേങ്കുറിശ്ശി പഞ്ചായത്ത്ഭരണ സമിതിയുടെ തീരുമാനപ്രകാരം സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പ്രദേശവാസികളുടെ പരാതിപ്രകാരം മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നേരത്തെ മില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. സ്ഥലപരിശോധനയും നടത്തി. എന്നാല്‍, മാലിന്യപ്രശ്നം പൂര്‍ണമായും പരിഹരിച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍.
പകര്‍ച്ചപ്പനിയും മറ്റ്രോഗങ്ങളും വ്യാപകമായ സാഹചര്യത്തില്‍ പൊതുജനാരോഗ്യസുരക്ഷ പരിഗണിച്ച് മില്ലിന്റെ പ്രവര്‍ത്തനംപൂര്‍ണമായും നിര്‍ത്തിവെക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മാലിന്യപ്രശ്നം പൂര്‍ണമായും പരിഹരിച്ച് രേഖാമൂലം പഞ്ചായത്തിനെ അറിയിക്കണം. ഗ്രാമപ്പഞ്ചായത്ത് പരിശോധിച്ച് പ്രവര്‍ത്തനാനുമതി നല്‍കുന്നതുവരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും മില്ലുടമകള്‍ക്ക് നല്കിയ കത്തില്‍ പറയുന്നുണ്ട്.അരിമില്ലില്നിന്നുള്ള കരിയും മലിനജലവും പൊന്‍പറമ്പില്‍ ജനജീവിതം ദുരിതത്തിലാക്കുന്നുവെന്നായിരുന്നു പരാതി.
നെല്ല് പുഴുങ്ങിയശേഷം പുറന്തള്ളുന്ന മാലിന്യമടങ്ങിയ വെള്ളത്തില്‍ കൊതുക് പെറ്റുപെരുകുന്നുണ്ട്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: