കളമശേരി : ഏലൂര്‍ നഗരസഭയില്‍ കഴിഞ്ഞ ദിവസം തട്ടുകടകള്‍ പൊളിച്ചതില്‍ പക്ഷപാതമെന്ന് ആക്ഷേപം. ഏലൂര്‍, മഞ്ഞുമ്മല്‍, പാതാളം മേഖലകളില്‍ പൊതു സ്ഥലം കയ്യേറി എന്ന പേരില്‍ എടുത്തു മാറ്റിയത് പാര്‍ട്ടി അംഗത്വം ഇല്ലാത്തവരുടേതാണെന്നാണ് പരാതി. ഇതിനെതിരെ വിവിധ പാര്‍ടികള്‍ രംഗത്തെത്തി.
സി പി എം പാര്‍ട്ടി ഓഫീസിന് മുന്നിലെ പച്ചക്കറിക്കട ,ചായകടകള്‍ ഒഴിവാക്കി തൊട്ടടുത്ത മീന്‍ വില്‍പ്പനശാലകള്‍ നശിപ്പിച്ചു.ജില്ലാശുചിത്വമിഷന്റെയും ഏലൂര്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രാഷ്ട്രീയ ലാക്കോടെ ഒഴിപ്പിക്കല്‍ നാടകം നടന്നത്.
പഴയ ആന വാതില്‍ മുതല്‍ പാതാളം കവല വരേയുള്ള ഭാഗത്തെ തട്ടുകടകള്‍ ,മീന്‍ വില്‍പ്പന സ്റ്റാളുകള്‍ ,ശീതളപാനീയ കടകള്‍ എന്നിവയാണ് ശനിയാഴ്ച പൊളിച്ചു നീക്കിയത്. മഞ്ഞുമ്മലിലും ഇത് തന്നെ ചെയ്തു. പഴയ ആന വാതില്‍ മുതല്‍ പാതാളം കവല വരെയുള്ള തട്ടുകടകളും ശീതളപാനീയ കടകളും വളരെ വൃത്തിയോടേയാണ് പ്രവര്‍ത്തിച്ച് വരുന്നതെന്നും നഗരസഭയുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും വിവിത പാര്‍ടി നേതാക്കള്‍ പരാതിപ്പെട്ടു.
ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പത്തോളം വരുന്ന കുടുംബങ്ങളെ വഴിയാധാരമാക്കിയ നടപടി ശരിയായില്ലെന്ന് ഉപജീവനം നഷടപ്പെട്ടവര്‍ ആരോപിച്ചു. ഇതിനായി മുടക്കിയ തുക ആരു തരുമെന്നും ഇതിന് പരിഹാരമുണ്ടാക്കാന്‍ ഏലൂര്‍ നഗരസഭയും ജില്ലാ കളക്ടറും വിഷയത്തില്‍ ഇടപ്പെടണമെന്നും കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ഏലൂരിലെ കോളനികളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചത് നഗരസഭയ്ക്ക് നാണക്കേടായിട്ടുണ്ട്. മാത്രമല്ല കോളനികളെ വൃത്തിയായി സൂക്ഷിക്കാന്‍ പ്രത്യേക നിര്‍ദേശവും നല്കി. പാതാളം ഭാഗത്തെ തമിഴ് കോളനി സന്ദര്‍ശിച്ച കളക്ടര്‍ വൃത്തിയില്ലാത്ത സാംക്രമീക രോഗങ്ങള്‍ പടരുന്ന ഈ ഭാഗം അടിയന്തിരമായി നഗരസഭ വൃത്തിയാക്കണമെന്നാണ് കലക്ടര്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: