കൊച്ചി: ഭിന്നമായതിനെ ചേര്‍ത്തുപിടിക്കാനായി സംഘടിപ്പിച്ച ‘സമന്വയ എംബ്രേസിങ് അതര്നസ്’ സമാപിച്ചു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഭിന്നലിംഗക്കാര്‍ക്കായി സംഘടിപ്പിച്ച കലാ പരിശീലന കളരിയുടെ സമാപന സമ്മേളനം ദര്‍ബാര്‍ ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള ഉദ്ഘാടനം ചെയ്തു. സമത്വം എന്ന ആശയം യാഥാര്‍ഥ്യമാകണമെങ്കില്‍ സമൂഹത്തില്‍ പാര്ശ്വവല്കരിക്കപ്പെട്ടവരെ കൂടി മുഖ്യധാരയിലെത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
പി. രാജീവ് മുഖ്യാതിഥിയായിരുന്നു. ഭിന്നലിംഗക്കാരോടുള്ള ഇടപെടലിക്കുറിച്ച് സമൂഹത്തിനുള്ള കൗണ്സലിങ്ങെന്ന നിലയിലാണ് സമന്വയ വിഭാവനം ചെയ്തതെന്ന് കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാല്‍ പറഞ്ഞു. ഈ മാസം 31ന് കുട്ടിക്കാനത്ത് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്യാമ്പിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസിസ്റ്റന്റ് കളക്ടര്‍ ഈഷാ പ്രിയ, കൊച്ചി മുസിരീസ് ബിനാലെ സെക്രട്ടറി റിയാസ് കോമു, കവി അന്‍വര്‍ അലി, നിരൂപകന് സി.വി. സുധാകരന്, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്നലെ കലാശ്രീ രാമചന്ദ്ര പുലവര്‍ അവതരിപ്പിച്ച തോല്‍പ്പാവക്കൂത്തും സന്ത്ലാല്, രാജു, രാകേഷ് എന്നീ രാജസ്ഥാനില്‍ നിന്നുള്ള കലാകാരന്മാര് അവതരിപ്പിച്ച ഭോപ്പ ഭോപ്പി എന്ന കലാരൂപവും ഏറെ ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: