പത്തനംതിട്ട: പുതിയ സര്‍ക്കാര്‍മെഡിക്കല്‍ കോളേജുകള്‍ സംബന്ധിച്ച ഇടതുസര്‍ക്കാരിന്റെ മുന്‍നിലപാടില്‍ മാറ്റമുണ്ടെന്നു വ്യക്തമായ സൂചന നല്‍കിക്കൊണ്ട് കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മ്മാണം വിലയിരുത്താന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് നാളെ എത്തും.
വൈകിവന്ന വിവേകത്തിനു പിന്നില്‍ സര്‍ക്കാര്‍ മേഖലയില്‍ പരമാവധി മെഡിക്കല്‍ സീറ്റുകള്‍ ഉറപ്പാക്കി സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ശ്രമം ആണെന്നും അറിയുന്നു. മുന്‍പു സ്വീകരിച്ച നയത്തിനു വിരുദ്ധമായി അടുത്തവര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ആരോഗ്യവിദ്യാഭ്യാസ വകുപ്പിനും ലഭിച്ചു. ഇതിന്റെ ഭാഗമായി കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2018 ബാച്ചില്‍ വിദ്യാര്‍ത്ഥി പ്രവേശനം ഉറപ്പാക്കാനുള്ള നീക്കവും തുടങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇതാദ്യമായാണ് കോന്നി നെടുമ്പാറയില്‍ നിര്‍മാണത്തിലിരിക്കുന്ന മെഡിക്കല്‍ കോളജിന്റെ പണികള്‍ വിലയിരുത്താന്‍ ഒരു ഉന്നത ഉദ്യോഗസ്ഥന് എത്തുന്നത്.
കഴിഞ്ഞയാഴ്ച കോന്നിയിലെത്തിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളജ് നിര്‍മാണം വിലയിരുത്താന്‍ തയാറായില്ലെന്നു മാത്രമല്ല, യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാജില്ലയിലും മെഡി്ക്കല്‍ കോളജ് എന്ന പദ്ധതി അപ്രായോഗികമാണെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ചില വിഷയങ്ങളും സീറ്റുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പങ്ങളും സമ്മര്‍ദങ്ങളുമാണ് മറിച്ചൊരു തീരുമാനത്തിനു സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
കാര്യങ്ങള്‍ തടസ്സമില്ലാതെ പോയാല്‍ ഡിസംബറില്‍ ആശുപത്രി കെട്ടിടസമുച്ചയം പൂര്‍ത്തിയാക്കാനും കഴിയും. ഡിസംബര്‍, ജനുവരി മാസങ്ങളിലായി അഖിലേന്ത്യാ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്ക് എത്തുമ്പോഴേക്കും ആശുപത്രി തുറക്കാനാണ് നീക്കം. ഒപി, അത്യാഹിത വിഭാഗങ്ങളുമായി ആശുപത്രി പ്രവര്‍ത്തനം ശബരിമല തീര്‍ഥാടനകാലത്തു തന്നെ തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം. മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍ ആശുപത്രി പ്രവര്‍ത്തന സജ്ജമാണെങ്കില്‍ ക്ലാസുകള്‍ക്കുള്ള സൗകര്യം കണ്ടെത്തിയാല്‍ വിദ്യാര്‍ഥി പ്രവേശനത്തിന് അനുമതി ലഭിച്ചേക്കും. 2018 മാര്‍ച്ചോടെ ക്ലാസ് മുറികള്‍ അടക്കമുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജ് കാമ്പസില്‍ തന്നെ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ.
2015, 2016 വര്‍ഷങ്ങളിലും കോന്നി മെഡിക്കല്‍ കോളജ് അനുമതിയുമായി ബന്ധപ്പെട്ട് ആരോഗ്യവിദ്യാഭ്യാസ വകുപ്പ് അപേക്ഷ നല്‍കുകയും മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ താത്കാലിക ക്രമീകരണങ്ങളോടെ 2016ലെ പ്രവേശനത്തിനു ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ സമ്മര്ദ്ദമുണ്ടായതുമില്ല. എന്നാല്‍ ഇക്കുറി വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള സാധ്യത പരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: