ചിലപ്പോള്‍ അങ്ങനെയാണ്, ഇരുകാലി ജന്തുവായ മനുഷ്യനെക്കാള്‍ ഉയര്ന്നുനില്ക്കും നാല്‍ക്കാലിമൃഗങ്ങള്‍. കഴിഞ്ഞദിവസം അഞ്ചുപേരടങ്ങിയ ഒരു കുടുംബത്തെ മരണത്തില്‍ നിന്നും രക്ഷിച്ചത് നൂറ്റന്പതോളം വരുന്ന വാനരന്മാരുടെ കൂട്ടമായിരുന്നു.
കൊച്ചി-ധനുഷ്ക്കോടി ദേശീയ പാതയില്‍ ആറാം മൈലിനും ചീയപ്പാറയ്ക്കും മധ്യേ കാര്‍ കൊക്കയിലേക്കു മറിഞ്ഞ് അച്ഛനും അമ്മയും മക്കളും അമ്മൂമ്മയും അടങ്ങിയ കുടുംബം അപകടത്തില്‍പെട്ട് നിലവിളിക്കുന്നത് ആരും കേട്ടില്ല. പക്ഷേ ദൈവം രക്ഷയ്ക്കു പറഞ്ഞയച്ചപോലെ വാനരക്കൂട്ടം അതുകേട്ടു.അപ്പോള്‍ നിരത്തിലൂടെ വന്ന ബസിനും മറ്റുവാഹനങ്ങള്‍ക്കും എതിരെ നിന്ന് നൂറ്റന്പതിലധികം വരുന്ന വാനരന്മാര് കരഞ്ഞും ഒച്ചവെച്ചും തലങ്ങും വിലങ്ങും ഓടിച്ചാടിയും പരിഭ്രാന്തികാട്ടിയും അസ്വസ്ഥതരായപ്പോള് ബസിന്റെ ഡ്രൈവര്‍ താഴെ ഇറങ്ങി നോക്കി. അയാള്‍ ഞെട്ടിപ്പോയി.്.ജീവനുവേണ്ടി നിലവിളിക്കുന്ന നാലഞ്ചുപേര്. പിന്നെ വലിയ സാഹസവും രക്ഷാപ്രവര്‍ത്തനവുമായിരുന്നു അവിടെ. ഡ്രൈവറും മറ്റുള്ളവരുംകൂടി ആ കുടുംബത്തെ പുറത്തെടുത്തു. എല്ലാവരേയും രക്ഷപെടുത്തുംവരെ വാനരന്മാര് അവിടെത്തന്നെയായിരുന്നു, കാവല്‍പോലെ.
വാനരക്കൂട്ടം ഇല്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് പറഞ്ഞറിയിക്കേണ്ട കാര്യമില്ല. നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും ഒരുപക്ഷേ കണ്ണീരുണങ്ങാത്ത ദാരുണകഥയുടെ തുടര്‍ വാര്ത്തകള്കൊണ്ടുള്ള മരവിപ്പു കിട്ടുമായിരുന്നേനെ. മനുഷ്യനെ പരിഹസിക്കുമ്പോള്പോലും ഏറ്റവും നികൃഷ്ടമായി നാം ഉപയോഗിക്കുന്നത് കുരങ്ങന് എന്ന വാക്കാണ്.കുരങ്ങന് എന്ന മൃഗത്തിന് മനുഷ്യനെ രക്ഷപെടുത്താന്‍ ഇങ്ങനൊരു ദൈവീകമായ നിയോഗം എങ്ങനെ ഉണ്ടായി എന്നുള്ളത് വിശദീകരിക്കാനാവാത്ത മറ്റൊരതിശയം.
വിശേഷണ ബുദ്ധിയില്ലാത്ത കുരങ്ങിന് മനുഷ്യനെ രക്ഷിക്കാന്‍ മനസുണ്ടായെങ്കില് പലപ്പോഴും ആ മനസില്ലാത്തവരാണ് വിശേഷ ബുദ്ധിയുള്ള മനുഷ്യന്. അപകടത്തില്‍പ്പെട്ട് ചോരവാര്‍ന്നു കിടക്കുന്ന മനുഷ്യനെ ആശുപത്രിയിലേക്കുകൊണ്ടുപോകുന്നതിനു പകരം മൊബൈലില്‍ ഫോട്ടോയെടുത്തു രസിക്കുന്നവരാണു ചിലപ്പോഴെങ്കിലും മനുഷ്യര്‍. രണ്ടു ദിവസം മുന്‍പ് പൂനെയില്‍ അങ്ങനെയൊന്നു സംഭവിച്ചിരുന്നു. അപകടത്തില്‍പെട്ടു നിരത്തില്‍ ചോരവാര്‍ന്നു കിടന്ന യുവ എന്‍ജിനിയറുടെ ഫോട്ടോ മൊബൈലിലെടുത്തു രസിക്കുകയായിരുന്നു ഓടിക്കൂടിയ ആള്‍ക്കൂട്ടം. ഒടുക്കം ഒരു ദന്തിസ്റ്റാണ് അയാളെ ആശുപത്രിയില്‍ കൊണ്ടുപോയത്.പക്ഷെ അവിടെ എത്തുംമുന്‍പു തന്നെ മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ ഭ്രാന്തന് മനസ് മൊബൈലില്‍ ഫോട്ടോ എടുത്തെടുത്ത് ആ ചെറുപ്പക്കാരനെ കൊല്ലുകയായിരുന്നു.
കുരങ്ങില്നിന്നുള്ള പരിണാമമാണ് മനുഷ്യനെന്ന് ഡാര്വിന് ശാസ്ത്രവും ജനിതകവുമൊക്കെ പറഞ്ഞ് സമര്ഥിച്ചിട്ടുണ്ടാകാം. പക്ഷേ രണ്ടിനുമിടയില്‍ എവിടെയോ നഷ്ടപ്പെട്ട ഒരു ലിങ്കുണ്ട്. മനുഷ്യനിലേക്കു വന്നപ്പോള്‍ നഷ്ടപ്പെട്ട കുരങ്ങിന്റെ സ്നേഹവും നന്മയും അതെ, കുരങ്ങില്‍നിന്നും മനുഷ്യന് പഠിക്കേണ്ട ചില മാതൃകാപാഠങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: