കോഴഞ്ചേരി: റവന്യൂ വകുപ്പിന്റേതെന്ന് ജില്ലാ ഭരണ കൂടവും, തങ്ങള്‍ക്കവകാശപ്പെട്ടതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പറയുന്ന മണ്ഡളക്കുഴി അനുയോജ്യമാക്കിയാല് ആറന്മുളയുടെ വികസനത്തിന് ഉതകുമെന്ന ആശയം വീണ്ടും. കോഴഞ്ചേരി-ചെങ്ങന്നൂര്‍ സംസ്ഥാന പാതയ്ക്കരുകില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ തെക്കേനടയ്ക്ക് സമീപമാണ് ഈ സ്ഥലം.
അര ഏക്കറോളം വരുന്ന ഈ സ്ഥലത്തിന്റെ കൃത്യമായ വിസ്തീര്‍ണ്ണം ഔദ്യോഗിക രേഖകളില്‍ ഇല്ലെന്നും എണ്‍പതോളം സെന്റായിരുന്ന സര്‍ക്കാര്‍ കണക്ക് ശരിയല്ലെന്നും 50 സെന്റില്‍ താഴെ മാത്രമാണെന്നും സമീപത്തെ വസ്തു ഉടമകളും പറയുന്നു.
ആറന്മുളയുടെയും പൈതൃക ഗ്രാമത്തിന്റെയും വികസനത്തില്‍ സ്ഥല പരിമിതി രൂക്ഷമായിരിക്കുമ്പോഴാണ് ഇത്രയും സ്ഥലം അന്യാധീനപ്പെട്ട നിലയില്‍ കിടക്കുന്നത്. ഈ സ്ഥലം നല്കിയാല് തീര്‍ത്ഥാടക വിശ്രമകേന്ദ്രം, ടോയ്ലറ്റ് കോംപ്ലക്സ്, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവയെല്ലാം നിര്‍മ്മിക്കാമെന്ന് കാലാകാലങ്ങളിലെ ദേവസ്വം അധികാരികള്‍ അറിയിച്ചിരുന്നു.
സ്ഥലം അളന്നു തിട്ടപ്പെടുത്തി ലഭ്യമാക്കാന്‍ ബോര്‍ഡ് നേരത്തെ റവന്യൂ വകുപ്പിനെ സമീപിക്കുകയും ചെയ്തിരുന്നു. അന്ന് വസ്തു അളന്ന് അതിര് നിര്‍ണ്ണയിക്കാനും നിര്‍ദ്ദേശമുണ്ടായെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് ഇതിന് തടസ്സമാകുകയും പദ്ധതി കടലാസില്‍ ഒരുങ്ങുകയും ചെയ്തു.
എല്ലാ വര്‍ഷവും ജലമേളയും വള്ളസദ്യയ്ക്കും ഉള്ള മുന്നൊരുക്കങ്ങള്‍ക്കിടയില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയാകാറുണ്ട്. ആറന്മുളയില് ബസ് സ്റ്റാന്റ് ഉണ്ടാകുന്നതിന് ഈ സ്ഥലം അനുയോജ്യമാകുമെന്നാണ് പുതിയ കണ്ടെത്തല്‍ സ്ഥലം ഔദ്യോഗികമായി ദേവസ്വം ബോര്‍ഡിന് കൈമാറിയാല്‍ വികസനത്തിന് നല്‍കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ആറന്മുളയില് ഇവര്‍ക്കായി വിശ്രമ കേന്ദ്രം അടക്കുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്ന പദ്ധതിയും ബോര്‍ഡിന്റെ പരിഗണനയിലുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ആറന്മുളയില് നിന്നും പ്രധാന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് നിര്ദ്ദേശമായെങ്കിലും ഇവയുടെ പാര്‍ക്കിംഗ് തടസ്സമാകുന്നുണ്ട്.
റവന്യൂ വകുപ്പ്, ഗ്രാമപഞ്ചായത്ത് , ദേവസ്വം ബോര്‍ഡ് ഇവയെല്ലാം ചേര്‍ന്നാല്‍ തീര്‍ത്ഥാടക വിശ്രമ കേന്ദ്രവും ബസ് സ്റ്റാന്റും നിര്‍മ്മിക്കാന്‍ കഴിയുമെന്ന് വികസന വാദികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: