മലമ്പുഴ: മലമ്പുഴ ഉദ്യാനത്തില്‍ ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മ്മിച്ച സ്മാരകപവലിയന് അവഗണന നേരിടുന്നു.
രാജ്യത്തെതന്നെ മികച്ച വിനോദ സഞ്ചാരകേന്ദ്രമെന്നവകാശപ്പെടുമ്പോഴും അണക്കെട്ടിന്റെ ചരിത്രസ്മാരകം ആരുമറിയാതെ പോവുകയാണ്. ഉദ്യാനത്തിനകത്തായി അണക്കെട്ടിനോട് ചേര്‍ന്ന് കരിങ്കല്ലില്‍ തീര്‍ത്ത പവലിയനാണ് വര്‍ഷങ്ങളായി ആരാലും ശ്രദ്ധക്കപ്പെടാതെ അധികൃതരുടെ അനാസ്ഥയില്‍ പൂട്ടിക്കിടക്കുന്നത്.
പവലിയന്റെ അടിത്തട്ടില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ തള്ളിയും, ഉദ്യാനത്തിലെത്തുന്നവര്‍ക്ക് ഇവിടേക്കുള്ള സന്ദര്‍ശനം നിഷേധിച്ചിരിക്കുകയാണ് അധികൃതര്‍.
ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പ് മലമ്പുഴ അണക്കെട്ടിന്റെ നിര്‍മ്മാണ സമയത്ത് ജീവന് നഷ്ടപ്പെട്ടവരുടെയും നിര്‍മാണചുമതല വഹിക്കുന്നവരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയ രാജ്യത്തെ തന്നെ ഏക സ്മാരകപവലിയനാണ്ഇത്. വര്‍ഷങ്ങള്‍ നീണ്ട അണക്കെട്ടിന്റെ നിര്‍മ്മാണത്തിനു ശേഷമാണ് സ്മാരകപവലിയന് പൂര്‍ത്തീകരിച്ചത്.
1914 കാലഘട്ടില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തുടങ്ങിവച്ചെങ്കിലും പിന്നീട് മുടങ്ങിപ്പോയ മലമ്പുഴ അണക്കെട്ടിന്റെ നിര്‍മ്മാണം നെഹ്റു സര്‍ക്കാരിന്റെ കാലത്ത് ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 വര്‍ഷങ്ങള്‍ക്കു ശേഷം 1951-ല്‍ പുനരാരംഭിക്കുകയായിരുന്നു. 1953 മുതല്‍ 1954 വരെയുള്ള കാലത്ത് അണക്കെട്ടിന്റെയും അനുബന്ധ കനാലുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കിടെ പത്തോളം പേര് മരണപ്പെട്ടിരുന്നു.
അണക്കെട്ടു നിര്‍മ്മാണം നടക്കുന്നതിനിടെ സംഭവിച്ച അപകടങ്ങളില്‍ മരിച്ചത് സാധാരണക്കാരായ തൊഴിലാളികളായിരുന്നു. അതിനാല്‍ ഇത്തരത്തില്‍ അണക്കെട്ടു നിര്‍മ്മാണത്തിന്റെ പേരില്‍ രക്തസാക്ഷിയായവരുടെ പേരുകളും വിവരങ്ങളും മരിച്ച വര്‍ഷവുമെല്ലാം പവലിയനുള്ളിലെ ചുമരില്‍ കൊത്തിവെക്കാന്‍ അന്നത്തെ സര്‍ക്കാരും ഉദ്യോഗസ്ഥരും തീരുമാനിക്കുകയായിരുന്നു.
അണക്കെട്ടു നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ ഒരുപറ്റം എന്‍ജിനീയര്‍മാരുടെ പേരു വിവരങ്ങളും മുകളിലത്തെ നിലയില്‍ രേഖപ്പെടത്തിയിട്ടുണ്ട്. ഇതിനു പുറമെ മലമ്പുഴ അണക്കെട്ടിന്റെയും കനാലുകളുടെയും വൃഷ്ടിപ്രദേശങ്ങളുടെയും കൃത്യമായ സ്ഥല വിവരക്കണക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്.2011 ലെ ഉദ്യാനനവീകരണ പ്രവര്‍ത്തനങ്ങളോടെ സംരക്ഷിത മേഖലയെന്ന് മുദ്രകുത്തി അധികൃതര്‍ പവലിയന് പൂട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: