കാസര്‍കോട്: ജില്ലയിലെ തീരങ്ങളില്‍ കടലാക്രമണം ദുരിതം വിതയ്ക്കുമ്പോള് കടല്‍ ഭിത്തി നിര്‍മ്മാണത്തിന്റെ പേരില്‍ തുലച്ചത് കോടികള്‍. ജില്ലയുടെ തീരങ്ങളില്‍ കരിങ്കല്ലിട്ട് അഴിമതിയുടെ ഭിത്തി നിര്‍മ്മിക്കുകയാണ് ചെയ്യുന്നതെന്ന ആക്ഷേപമാണ് പൊതുവെ തീരദേശവാസികള്‍ക്കുള്ളത്. 82 കിലോമീറ്ററാണ് ജില്ലയുടെ കടല്‍ത്തീരം. ഇതില്‍ 15 കിലോമീറ്ററോളം മാത്രമാണ് ഭിത്തി നിര്‍മ്മിച്ചിട്ടുള്ളത്. ചുരുക്കം ചില പ്രദേശങ്ങളൊഴിച്ചാല്‍ ഭിത്തികള്‍ മുഴുവനായും കടലെടുത്ത് കഴിഞ്ഞു.ഓരോ വര്‍ഷവും ഇത്തരത്തില്‍ കടല്ക്ഷോഭമായാല് കരയും, കടല്‍ഭിത്തികളും കടലെടുത്തു കൊണ്ടിരിക്കും. അശാസ്ത്രീയമായ നിര്‍മ്മാണ രീതികളാണ് ഇത്തരത്തില്‍ കടല്‍ ഭിത്തികള്‍ കടലെടുക്കാന്‍ കാരണമാവുന്നത്. ഏറ്റവും ഒടുവില്‍ കാസര്‍കോട് ബിച്ച് ജംഗ്ഷനിലും, പെര്‍വാഡ് കടപ്പുറത്തെയും കടല്‍ഭിത്തി ശക്തമായ കടലാക്രമണത്തില്‍ ഇപ്പോള്‍ കടലെടുത്തു കൊണ്ടിരിക്കുന്നു. 2013 ല്‍ ഒരു കോടി രൂപാ ചിലവില്‍ നാങ്കി കടപ്പുറത്ത് നിര്‍മ്മിച്ച കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വര്‍ഷം തന്നെ പൂര്‍ണ്ണമായും കടലെടുക്കുകയുണ്ടായി.കടല്‍ ഭിത്തി നിര്‍മ്മാണമെന്നത് വലിയ കരിങ്കല്ല് കൊണ്ടുള്ള ശാസ്ത്രീയമായ രീതിയാണ്. നിശ്ചിത വലിപ്പത്തിലുള്ള കരിങ്കല്ലുകളാണ് ഭിത്തി നിര്‍മ്മാണത്തിന് ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ കെട്ടിയ ഭിത്തികള്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഈ അടുത്ത കാലത്തായി നിര്‍മ്മിച്ച കടല്‍ഭിത്തികള്‍ എവിടെയും നിലനിന്നിട്ടില്ല. ഭിത്തികളുടെ മുകള്‍ ഭാഗത്തു മാത്രം വലിയ കരിങ്കല്ലുകള്‍ പാകി അടി ഭാഗത്തു ചെറിയ കരിങ്കല്ലുകള്‍ നിരത്തും. ഇവിടെയാണ് അഴിമതിയുടെ തിരമാലകള്‍ സൃഷ്ടിക്കുന്നത്. കരാറുകാരും, ഉദ്യോഗസ്ഥരും അഴിമതിക്കായി മത്സരിക്കുന്ന കാഴ്ചകളിലേക്കാണ് ജില്ലയുടെ കടല്‍ഭിത്തികള്‍ വിരല്‍ ചൂണ്ടുന്നത്.ജില്ലയില്‍ കസബ, നെല്ലിക്കുന്ന്, മഞ്ചേശ്വരം, ബേരിക്ക, ഉപ്പള, മൂസോടി, ഷിറിയ, കോയിപ്പാടി, ചെമ്പിരിക്ക, പെര്‍വാഡ്, മൊഗ്രാല്‍, അടുക്കത്ത്ബയല്‍, ചേരങ്കൈ, കളനാട്, കോട്ടിക്കുളം, ബേക്കല്‍, പള്ളിക്കര, പടന്ന, അജാനൂര്‍, ചിത്താരി, ഉദുമ തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണം ഉണ്ടാകുന്നത്. ഭിത്തി കെട്ടുന്നതിനു മുന്നോടിയായി സ്വീകരിക്കുന്ന പഠനങ്ങളെ കരാറുകാരന് ഇടപെട്ടു അട്ടിമറിക്കപ്പെടുന്നു. ഇത് അശാസ്ത്രീയമായ നിര്‍മ്മാണ രീതിയിലേക്ക് നീങ്ങുകയും അഴിമതിക്ക് കളമൊരുങ്ങുകയും ചെയ്യുന്നതായി തീരദേശവാസികള്‍ പറയുന്നു.അതിനിടെ കടലാക്രമണം ഓരോ വര്‍ഷവും രൂക്ഷമാവുമ്പോള്‍ കടല്‍മണല്‍ അനിയന്ത്രിതമായി കോരിയെടുത്തു കൊണ്ടുപോകുന്നതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെ ഇരകളാവുന്നത് തീരദേശവാസികളാണ്. നിയമപാലകരാവട്ടെ ഇതിനു കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്. വര്‍ഷാവര്‍ഷം എംഎല്‍എ മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കടല്‍ ഭിത്തി നിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടത്തുന്നതെന്ന് തീരദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: