പടിഞ്ഞാറത്തറ :ബാണാസുരസാഗര്ഡാമിലെ വെള്ളക്കെട്ടില്‍ ഏഴ്പേര് മുങ്ങിതാഴുന്നതിനിടെ മൂന്ന്പേരുടെ ജീവന്‍രക്ഷിക്കാന്‍ കരുത്തായത് ജിഷ്ണു(20)എന്ന വനവാസിയുവാവിന്റെ മനോധൈര്യം. രാത്രി പന്ത്രണ്ട്മണിയോടെ കനത്തമഴയെയും കാറ്റിനെയും വകവെക്കാതെയാണ് ജിഷ്ണു തനിയെ മൂന്നുപേരെയും തുരുത്തില്‍നിന്നും തന്റെ ചങ്ങാടത്തില്‍ കരയിലെത്തിച്ചത്. സംഭവസ്ഥലത്ത്നിന്നും 200മീറ്ററോളം മാറിയാണ് ജിഷ്ണു താമസിക്കുന്ന മാങ്കോട്ടില്കോളനി. അച്ഛന് ഫോണില്‍ സംസാരിക്കുന്നതുകേട്ടാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജിഷ്ണു അപകടവിവരമറിയുന്നത്. ബിജെപി തരിയോട് പഞ്ചായത്ത് സെക്രട്ടറി കൂടിയായ പൊതുപ്രവര്ത്തകന് പി.ശിവദാസനാണ് ജിഷണുവിന്റെ അച്ഛന് ബാലകൃഷ്ണനെ ഫോണില്‍ വിളിച്ചത്. പ്രദേശത്തുനിന്ന് രക്ഷിക്കാനാവശ്യപ്പെട്ട് നിലവിളി കേള്‍ക്കുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, എപ്പോഴും ഡാംറിസര്വോയറില് മീന്‍ പിടിക്കാനിറങ്ങുന്ന ജിഷ്ണുവായിരിക്കുമോ അപകടത്തില്‍പെട്ടതെന്ന് സംശയത്തില്‍ ശിവദാസന്‍ ജിഷ്ണുവിന്റെ അച്ഛനെ വിളിക്കുകയായിരുന്നു. ശബ്ദം കേട്ടുണര്‍ന്ന ജിഷ്ണു അപകടവിവരമറിഞ്ഞ് കനത്തമഴ വകവെക്കാതെ ചങ്ങാടമിറക്കി തനിച്ച് തുഴഞ്ഞ് സംഭവസ്ഥലത്തെത്തുകയായിരുന്നു. 200മീറ്റര്‍ ദൂരം തുഴഞ്ഞെത്താന്‍ കനത്തകാറ്റും ഓളവുംകാരണം ഒരുമണിക്കൂറിലധികം നേരമെടുത്തു. മൊബൈ ല്‍ഫോണില്‍ പ്രകാശംതെളിയിച്ചെത്തുന്ന ജിഷ്ണുവിനെ തുരുത്തിലുണ്ടായിരുന്ന ജോബി, ലിബിന്, ജോബിന് എന്നിവര്‍ ശബ്ദമുണ്ടാക്കിവിളിച്ചാണ് ചങ്ങാടത്തില്‍ കയറിയത്. അവശനിലയിലായിരുന്ന ഇവരെ ജിഷ്ണു ഒരുമണിക്കൂറോളം ചങ്ങാടത്തിലിരുത്തി തുഴഞ്ഞ് സുരക്ഷിതസ്ഥാനത്തെത്തിച്ചു. അപ്പോഴെക്കും വിവരമറിഞ്ഞ പോലീസും നാട്ടുകാരും കരയിലെത്തിയിരുന്നു.
അപകടത്തില്പെട്ടവരാരെങ്കിലും അവശേഷിച്ചിരിപ്പുണ്ടോയെന്ന് പരിശോധിച്ചശേഷം നേരം പുലരാറായപ്പോഴാണ് ജിഷ്ണു വീട്ടിലെത്തിയത്.
യുവമോര്‍ച്ച പ്രവര്‍ത്തകന്‍കൂടിയായ ജിഷ്ണുവിനെ ബിജെപി തരിയോട് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: