കാക്കനാട്: പുതിയ റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് അന്തിമ മുന്‍ഗണന പട്ടികയില്‍ സ്ഥാനം നേടിയിട്ടുള്ള അനര്‍ഹര്‍ പട്ടികയില്‍ നിന്നു സ്വയം പിന്മാറണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. നാലു ചക്രവാഹനമുള്ളവര്, 1000 ചതുരശ്ര അടിയിന്മേല് വീടുളളവര്‍, ഒരേക്കറിന് മേല്‍ ഭൂമിയുളളവര്‍, ഉയര്‍ന്ന സാമ്പത്തികമുള്ളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷണര്‍മാര്‍, വിദേശത്ത് ജോലിയുള്ളവര്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ അന്തിമ മുന്‍ഗണന പട്ടികയില്‍ ഉള്ള പക്ഷം ജൂലൈ 22 നകം റേഷന്‍ കാര്‍ഡ് ജില്ലാ കളക്ടറേറ്റില്‍ സറണ്ടര്‍ ചെയ്യണം.
22 നു ശേഷം ജില്ല കളക്ടറുടെ പ്രത്യേക സ്ക്വാഡ് ഇപ്രകാരമുള്ള അനര്‍ഹരെ കണ്ടെത്താന്‍ ഫീല്‍ഡ് ഇന്സ്പെക്ഷന് നടത്തും. മേല്‍ പറഞ്ഞവര്‍ അനര്‍ഹമായി പുതിയ റേഷന്‍ കാര്‍ഡില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ മുന്‍ഗണന കാര്‍ഡ് പ്രകാരം 2016 നവംബര്‍ മാസം മുതല്‍ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വിപണി വിലയും പിഴയും ഈടാക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക 0484 2422251, 2423359.
പ്രതികരിക്കാൻ ഇവിടെ എഴുതുക: