പടിഞ്ഞാറത്തറ : ബാണാസുരസാഗര്‍ അണക്കെട്ടില്‍ നാലുപേരെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ നടത്തുന്നതിന് ജില്ലാ ഭരണകൂടം നാവിക സേനയുടെ സഹായം തേടിയതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് അണക്കെട്ടില്‍ തെരച്ചില്‍ ദുഷ്കരമായതിനാലാണ് നാവികസേനയുടെ അടിയന്തിര സഹായം ആവശ്യപ്പെട്ടത്. നാവിക സേനയിലെ മുങ്ങല്‍വിദഗ്ധര്‍ അടങ്ങിയ സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഇന്നലെ രാവിലെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മാനന്തവാടിയിലെ അഗ്നിശമന സേനയുടെ സ്കൂബ ഡൈവിങ്ങ് ടീമും, കോഴിക്കോട് നിന്നുമുള്ള അണ്ടര്‍വാട്ടര്‍ സെര്‍ച്ചിങ്ങ് ടീമും ഇവിടെയെത്തിയിട്ടുണ്ട്. തുര്‍ക്കി ജീവന് രക്ഷാസമിതിയും മുഴുവന്‍ സമയ തെരച്ചിലിലുണ്ട്. റവന്യു, പോലീസ്, വനംവകുപ്പ്, കെഎസ്ഇബി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഞായറാഴ്ച രാത്രി 11 മണിയോടെ മത്സ്യബന്ധനത്തിനായി അണക്കെട്ടിലിറങ്ങിയ ഏഴംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കൊട്ടത്തോണികള് മുങ്ങുകയായിരുന്നു.
കോഴിക്കോട് തുഷാരഗിരി ചെമ്പൂക്കടവ് നെല്ലിപ്പൊയില്‍ സച്ചിന്(20), മോളക്കുന്നില്‍ ബിനു(42), മണിത്തൊട്ടി മെല്വിന്(34), തരിയോട് സിങ്കോണ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍(44) എന്നിവരെയാണ് കാണാതായത്. തുഷാരഗിരി ചിറ്റിലപ്പള്ളി ജോബി(35), കോടഞ്ചേരി കൂരാന്തോട് ജോബിന് (22), ചെമ്പൂക്കടവ് പുലക്കുടിയില്‍ മിഥുന്(19) എന്നിവര്‍ അപകടത്തില്‍ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: