ഈ ക്രമം അനുവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതി പിണയുമ്പോള്‍ എന്തു വേണമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെന്നു പറഞ്ഞുവല്ലോ. ബ്രാഹ്മണനു ദിനചര്യ പരുങ്ങലായെന്നുവന്നാല്, നാലു മാര്‍ഗങ്ങള്‍ അവലംബിക്കാം. തന്റെ വിഷമം അറിഞ്ഞു സഹായിക്കാനുദ്ദേശിക്കുന്നവരില്നിന്നും നിരുപാധികമായ സമര്‍പ്പണം സ്വീകരിയ്ക്കാം. അതുമില്ലെന്നുവന്നാല് പലേടത്തുമായി ചെന്നു ജീവനോപായം യാചിക്കാം. പക്ഷേ അന്നന്നത്തേയ്ക്ക് വേണ്ടതേ യാചിക്കാവൂ എന്നതു നിര്‍ബന്ധമാണ്. യാചന ഒരിക്കലും ആദായമാര്‍ഗമായി ചമയരുത്. അതിനെ സ്വഭാവമോ പരിശീലനമോ ആക്കിക്കൂടാ.
ഇതല്ലെങ്കില്‍ വേറെ രണ്ടുവഴികളുണ്ട്. വിളവെടുത്തശേഷം വിളഭൂമിയില്‍ വിട്ടുപോയ കതിരുകളും, കറ്റവെച്ചേടത്തു കൊഴിഞ്ഞുകിടക്കുന്ന മണികളും അടിച്ചുപെറുക്കിയെടുത്തു കൊണ്ടുവന്നു കഴിക്കാം.
അതല്ലെങ്കില്‍ അങ്ങാടിയില്‍ കയറ്റിറക്കുവഴി ഉതിര്‍ന്നുവീഴുന്ന ധാന്യങ്ങള്‍ അടിച്ചുകൂട്ടിയെടുത്ത് ഉപയോഗിയ്ക്കാം. ശാലീനം, യായാവരം, ഉഞ്ഛനം, ശിലാ എന്നീ നാല് ആപദ്വൃത്തികളും ബ്രാഹ്മണജീവിതത്തെ എത്രകണ്ട് സ്വതന്ത്രവും ആത്മബലപൂര്ണവുമാക്കുന്നുവെന്നു നോക്കുക.
തനിയ്ക്കു വേണ്ടതും കൊടുക്കാനുള്ളതും വിദ്യയാണ്, ഇതു സുഗമമാക്കുന്ന ദിവ്യപ്രവൃത്തികളേ ബ്രാഹ്മണന്നു യോജിയ്ക്കുന്നുള്ളു. ഇവ മനസ്സിനേയും ബുദ്ധിയേയുമാണ് ആശ്രയിച്ചിരിക്കുന്നത്. മനസ്സിനും ബുദ്ധിയ്ക്കും ഇടംനല്കാനാണല്ലോ ദേഹംതന്നെ. ദാസ്യദീനത ഒഴിവാക്കി തന്റെ ജ്ഞാനദാര്ഢ്യവും മഹിമയും പ്രശോഭിപ്പിച്ചുകൊണ്ടുവേണം ബ്രാഹ്മണന് ഏതു ചുറ്റുപാടിലും പ്രവര്‍ത്തിക്കാന്‍.
ദേഹനിര്വഹണം ഒഴിച്ചുകൂടാത്തതാണ്; എന്നാല്‍ അതേച്ചൊല്ലി ബ്രാഹ്മണജീവിതത്തിന്റെ ആന്തരവൈഭവത്തിനോ ഉത്തുംഗതയ്ക്കോ തെല്ലും ഹാനി വരുത്തിക്കൂടാ. ഇതെങ്ങനെയെന്ന ചോദ്യത്തിനാണ് ശാസ്ത്രം നാലുപായങ്ങള്‍ പറഞ്ഞത്. അതില്‍ പ്രതിഗ്രഹവും യാചനയും വേണ്ടെന്നുവെച്ചാല്ക്കൂടി, ഉഞ്ഛശിലാവൃത്തികളുണ്ടല്ലോ. അവ കൈക്കൊള്ളുമ്പോഴുണ്ടാകുന്ന ആത്മബലം അവര്ണ്യമത്രെ. ഇത് എന്നെന്നേയ്ക്കും ചെയ്യണമെന്നില്ല, വേണ്ടിവരുന്നതുമല്ല. ഈ ആപദ്വൃത്തികള് അനുവര്‍ത്തിക്കുന്നതുവഴി ഉളവാകുന്ന ആത്മതരംഗങ്ങള് പ്രകൃതികോശത്തിലും സമാജത്തിലും പല മംഗളസ്പന്ദനങ്ങളും ജനിപ്പിക്കുന്നു.
ഒരുവന്റെ ആദര്‍ശധീരതയെ, വിവേകബലത്തെ, ആത്മസമര്‍പ്പണത്തെ പ്രദര്‍ശിപ്പിയ്ക്കുന്നതാണ് ഇത്തരം തപോസാഹസികത. ഈശ്വരപ്രസാദത്തിനു തപസ്സാണ് ഏറ്റവും ഫലപ്രദം. പ്രകൃതിയും പുരുഷനും തപോധന ത്തെ തുണയ്ക്കുംപോലെ മറ്റു ഗുണമഹിമകളെ തുണക്കില്ല. ബ്രാഹ്മണന് സമാജത്തിന് ആരാധ്യനും ആദര്ശവാനുമാകുന്നത് ബാഹ്യഭോഗവിരാമത്താലും, ആത്മസമര്‍പ്പണത്തില്‍ ഉറച്ചുനില്‍ക്കുന്ന ജീവിതവൃത്തിയാലുമത്രെ!
സാധാരണഗതിയില്‍ എല്ലാ വിഭാഗക്കാരും അവരവരുടെ വര്ണവൃത്തികളേ തുടരാവൂ. അപകടംപിടിപെടുമ്പോള് ക്ഷത്രിയേതരര്ക്ക് ഏതു വൃത്തിയും കൈക്കൊള്ളാം.
ബ്രാഹ്മണര്‍ക്ക് ഋതം, അമൃതം, മൃതം, പ്രമൃതം, സത്യാനൃതം ഇതൊ ക്കെ മരുന്നുപോലെ ആപത്കാലത്തില്‍ അവലംബിയ്ക്കാവുന്നതാണ്. പക്ഷേ നീചന്മാരെ ആശ്രയിച്ചുകഴിയുന്ന ശ്വവൃത്തി ഒരിക്കലും സ്വീകരിക്കരുതെന്നു നിഷ്കര്‍ഷയുണ്ട്. ക്ഷത്രിയന്മാര്ക്കും ഇതു ബാധകമാണ്.
ആരും ആര്‍ക്കും മേലോ കീഴോ അല്ല
ബ്രാഹ്മണരെ സര്വവേദമയമായും, ക്ഷത്രിയരെ സര്വദേവമയമായുമാണ് കരുതുന്നത്. ഈ പദവി നിരന്തരം ശോഭിയ്ക്കുന്ന തരത്തിലാകണം അവരുടെ ജീവിതവൃത്തി. ബ്രാഹ്മണനില്‍ ദിവ്യത്വവും ക്ഷത്രിയനില്‍ പ്രജകളുടെ പിതാവെന്ന ഈശ്വരഭാവവും സദാ നിലനില്‍ക്കണം. ജനങ്ങള്‍ക്കൊട്ടാകെ വേണ്ട ആഹാരവസ്തുസാമഗ്രികള് ഉത്പാദിപ്പിച്ച് ഓരോരിടത്തും കൊണ്ടെത്തിക്കേണ്ട മഹത്സാമൂഹ്യവൃത്തിയാണ് വൈശ്യനില്‍ നിലകൊള്ളേണ്ടത്.
കൂടുതല്‍ ഉത്തരവാദിത്തവും പ്രബലതയും പ്രദര്‍ശിപ്പിച്ചില്ലെങ്കിലും, മറ്റു മൂന്നു വിഭാഗക്കാരേയും അവരുടെ ദൗത്യകൃത്യങ്ങള് നിര്‍വഹിക്കുന്നതില്‍ നിതാന്തജാഗ്രതയോടെ സഹായിയ്ക്കുന്നവനാണെന്ന ബോധം ശൂദ്രനു നിര്‍ബന്ധവും അലങ്കാരവുമാണ്. അങ്ങനെവരുമ്പോള്‍ ആര് ആര്‍ക്കും കീഴോ മേലോ ആകുന്നില്ല.
കൈയിലെ നാലുവിരലുകള്പോലെയും, ദേഹത്തിലെ ശിരസ്സുമുതല്‍ പാദങ്ങള്‍വരെയുള്ള അംഗോപാംഗങ്ങള്പോലെയുമാണ് സമാജത്തിലെ വിവിധ വിഭാഗക്കാരെന്നു വരുന്നു. വലിയ കൂട്ടായ്മയാണ് സമാജം. അതില്‍പ്പെട്ട ആരുംതന്നെ ഈ ബൃഹത്ക്കൂട്ടായ്മയുടെ സമാനാംഗങ്ങളത്രെ.
ബ്രാഹ്മണനു തന്റെ ഔന്നത്യവും സ്വാതന്ത്ര്യവും, അതനുസരിച്ച ആത്മബലവും ഉണ്ടാകത്തക്കവിധമുള്ള ദിനചര്യയാണ് വിധിച്ചിട്ടുള്ളത്.
ആഗ്രഹങ്ങളെ ക്രമീകരിക്കയും ഉന്മൂലനംചെയ്കയും (ശമം) ആണ് ഇതില്‍ ആദ്യത്തേത്. തന്മൂലമുണ്ടാകുന്ന ഇന്ദ്രിയനിയന്ത്രണമാണ് ദമം. അകവും പുറവും ഒരുപോലെ വൃത്തിയാക്കി വെയ്ക്കണം.
രണ്ടുനേരം കുളി, അതോടൊപ്പം പോകുന്ന സന്ധ്യാവന്ദനാദിക്രമങ്ങള്, മനഃസന്തോഷം, ഋജുത്വം, സഹനശീലം, ജ്ഞാനസമ്പാദനത്തില്‍ വ്യഗ്രത, ദയവ്, ഈശ്വരീയത, സത്യസന്ധത എന്നിവയാണ് സ്ഥിരമായ ബ്രാഹ്മണലക്ഷണം. ഇതൊക്കെ വളര്‍ന്നു തഴച്ചു പന്തലിക്കാനുതകുന്ന കര്മവിശേഷങ്ങളും കൂടെവരുന്നു. ബ്രാഹ്മണന് സ്വനിഷ്ഠ പരിപാലിക്കുന്നതു സ്വാമിത്വം നടിച്ചുകൊണ്ടല്ല, സമാജത്തിന്റെ പൊതുഭദ്രത ഉറപ്പുവരുത്താന്‍വേണ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: