ഒരിക്കല്‍ തന്റെ ആശ്രമം സന്ദര്‍ശിച്ച ദേവര്‍ഷിയായ നാരദനോട് വാല്മീകിമഹര്ഷി ചോദിച്ചു ‘എല്ലാ സദ്ഗുണങ്ങളും തികഞ്ഞ ആരാണ് ഇന്നു ഈ ലോകത്തില്‍ ഉള്ളത് വീര്യവാനും നീതിമാനും സത്യവാദിയും ദൃഢവ്രതനും എല്ലാറ്റിന്റെയും എല്ലാവരുടേയും ഹിതത്തെ അഭിലഷിക്കുന്നവനും വിദ്വാനും അഹത്തെയും ക്രോധത്തെയും കീഴ്പ്പെടുത്തിയവനും പ്രിയദര്‍ശനനും യുദ്ധത്തില്‍ യാതൊരുവന്റെ ക്രോധം ഉണരുമ്പോള്‍ ദേവന്മാര്‍കൂടി ഭീതരായീടുകയും ചെയ്യുന്നുവോ ദോഷൈകദൃക്കല്ലാത്ത ഒരാള്‍? അങ്ങ് അങ്ങനെയൊരാളെ അറിയുവാനിടയുണ്ട്. എനിക്കാകട്ടെ അതു കേള്‍ക്കുവാന്‍ വളരെ ആകാംക്ഷയുമുണ്ട്’.
അങ്ങ് ആവശൃപ്പെട്ട എല്ലാ സദ്ഗുണങ്ങളും അതിലും വളരെ കൂടുതലും ഉള്ള ഒരാളുണ്ട് – ഇക്ഷ്വാകുവിന്റെ കുലത്തില്‍ ജനിച്ച രാമനാണ് അത്. തുടര്‍ന്ന് രാമന്റെ സദ്ഗുണങ്ങളെ നാരദന് വിസ്തരിച്ചു കേള്‍പ്പിച്ചു. നദികള്‍ മഹാസമുദ്രത്തെ എന്നപോലെ നീതിജ്ഞന്മാര് രാമനെ തേടുന്നു. ഗഹനതയില്‍ മഹാസമുദ്രത്തെയും ദൃഢതയില്‍ ഹിമാലയത്തെയും പോലെയാണ് രാമന്. പൗരുഷത്തിന്റെ കാര്യത്തില്‍ വിഷ്ണുവിന്റെ പ്രതിരൂപമാണ് രാമന്. ക്ഷമാശീലത്തില്‍ ഭൂമിയെപ്പോലെയും ദാനശീലത്തില്‍ കുബേരനെപ്പോലെയും സത്യനിഷ്ഠയുടെ കാര്യത്തില്‍ ധര്‍മ്മരാജനു തുല്യനുമാണ് രാമന്.
ഇങ്ങനെ രാമന്റെ ഗുണഗണങ്ങളെ വിശദീകരിച്ചശേഷം നാരദന് രാമന്റെ ജീവിതകഥ വാത്മീകിക്കു പറഞ്ഞുകൊടുത്തു (വീണാപാണിയുമുപദേശിച്ചു രാമായണം എന്ന് അദ്ധ്യാത്മരാമായണം). പതിനോരായിരം കൊല്ലം രാജ്യഭരണം നടത്തിയശേഷം രാമന് ബ്രഹ്മലോകത്തേക്കുപോകും എന്നും നാരദന് പറയുകയുണ്ടായി. രാമരാജ്യത്തിലെ വിശേഷതകള്‍ എടുത്തുപറയുകയുമുണ്ടായി. സന്തുഷ്ടരായ ജനങ്ങള്‍, രാജ്യത്ത് ദുഃഖമില്ലാത്ത അവസ്ഥ, ബാലമരണങ്ങളില്ലാത്ത കാലം, പ്രകൃതിക്ഷോഭങ്ങളോ പട്ടിണിയോ ഇല്ലാത്ത ദിനങ്ങള്‍, രാജാവ് ജനങ്ങളെ സന്താനങ്ങളെയെന്നപോലെ സംരക്ഷിക്കുന്ന രാജ്യം ഇങ്ങനെയൊരു ക്ഷേമരാജ്യമാണ് രാമരാജ്യം.
രാമകഥ കേള്‍ക്കുന്നതും കേള്‍പ്പിക്കുന്നതും പാപഹരമാണ്. അത് ശാന്തിയും സമാധാനവും നല്കി ജീവിതത്തെ ശോഭനമാക്കുന്നു. ഇപ്രകാരം വാത്മീകിയോടു പറഞ്ഞശേഷം ദേവര്‍ഷി സ്വര്‍ഗ്ഗലോകത്തിലേക്കു പോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: