മട്ടാഞ്ചേരി: കൊച്ചി തീരത്ത് കടല്‍ക്ഷോഭം രൂക്ഷമാകുന്നു. ശക്തമായ തിരകളും കടല്‍കയറ്റവും മൂലം മത്സ്യബന്ധനവും ആശങ്കയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫോര്‍ട്ട്കൊച്ചി അഴിമുഖത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന വള്ളം തകര്‍ന്നിരുന്നു.
എഞ്ചിന് നിലച്ച വള്ളം ശക്തമായ തിരയിലകപ്പെട്ട് കടല്‍ ഭിത്തിയിലിടിച്ചാണ് തകര്‍ന്നത്. ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യക്ക് സമീപത്തെ അഴിമുഖത്ത് നടന്ന അപകടത്തില്‍ വള്ളവും വലയും നശിച്ചു. തൊഴിലാളികള്‍ രക്ഷപ്പെട്ടു. മാനാശ്ശേരി ഊട്ട് പറമ്പില്‍ സില്‍വസ്റ്ററിന്റെ ഉടമസ്ഥതയിലുള്ള മേരി മാതായെന്ന വള്ളമാണ് നശിച്ചത്.
മത്സ്യബന്ധനത്തിനായി വലയടിച്ച ശേഷം വള്ളത്തിന്റെ എഞ്ചിന് പെട്ടെന്ന് നിലച്ച് പോകുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളേയും കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ് മെന്റും ചേര്‍ന്ന് രക്ഷപ്പെടുത്തി.
അനീഷ്, മൈക്കിള്‍, തോമസ്, സേവ്യര്‍, ലൂയിസ്, ഷെയ്ക്ഹെന്ട്രി, ജോഷി, പീറ്റര്‍ എന്നീ തൊഴിലാളികളാണ് രക്ഷപ്പെട്ടത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തകര്‍ന്ന വള്ളം മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. കോസ്റ്റല്‍ പോലീസ് സര്‍ക്കി ള്‍ ഇന്‍സ്പെക്ടര്‍ ടി.എം. വര്‍ഗീസ്, എഎസ്ഐമോഹന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗില്‍ബെര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: