കൊല്‍ക്കത്ത: മുണ്ടുടുത്തു ചെന്നതു കൊണ്ട് കൊല്‍ക്കത്തയിലെ മാളില്‍ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി ചലച്ചിത്ര സംവിധായകന് ആഷിഷ് അവികുന്തക് രംഗത്ത്. മികച്ച ബംഗാളി ചിത്രങ്ങളുടെ സംവിധായകനാണ് ആഷിഷ്.
ദക്ഷിണ കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളില്‍ ധോത്തി ധരിച്ചു ചെന്നപ്പോള്‍ പ്രവേശനം നിഷേധിച്ചു എന്ന് ഒരു വിഡിയോയ്ക്കൊപ്പമാണ് ആഷിഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ ആരോപണം മാളിന്റെ അധികൃതര്‍ നിഷേധിച്ചു.
കൊല്‍ക്കത്തിലെ നിയോ കൊളോണിയല്‍ ക്ലബ്ബുകളില്‍ മുണ്ടുടത്തു ചെല്ലുന്നവര്‍ക്ക് പ്രവേശനം നിഷേധിച്ച കാലത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം എനിക്ക് അത്തരത്തിലൊരു അനുഭവമുണ്ടായി. താന്‍ അതിനെ എതിര്‍ത്തു, പ്രതിഷേധിച്ചു. സുരക്ഷാ കാരണങ്ങളാല്‍ മുണ്ടും ലുങ്കിയും ഉടുത്ത് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറഞ്ഞത്, സംവിധായകന് പറയുന്നു.
എന്നാല്‍ നല്ല ഇംഗ്ലീഷ് ഭാഷയില്‍ തര്‍ക്കിച്ചതിനാല്‍ പിന്നീടു പ്രവേശനം അനുവദിച്ചു. ഈ നഗരത്തിലെ പുതിയ സംവിധാനമാണോ ഇത്? ഇംഗ്ലീഷില്‍ സംസാരിക്കാത്ത ഒരാളായിരുന്നെങ്കില്‍ മാളില്‍ കടക്കാന്‍ അനുവദിക്കുമായിരുന്നില്ല, ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിഷ് ചോദിക്കുന്നു. ഇരുപത്താറു വര്‍ഷമായി ധോത്തിയാണ് തന്റെ വേഷമെന്നും ഇത് ആദ്യത്തെ അനുഭവമാണെന്നും ആഷിഷ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതെല്ലാം നിഷേധിക്കുന്നു മാള്‍ അധികൃതര്‍. സംവിധായകനെ തടഞ്ഞു എന്നത് ശരിയാണ്. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അവര്‍ മാള്‍ സൂപ്പര്വൈസറോട്് അഭിപ്രായം ചോദിക്കാന്‍ അല്‍പ്പ നേരം കാത്തുനില്ക്കാന് മാത്രമാണ് ആവശ്യപ്പെട്ടത്. ഇരുപതു സെക്കന്‍ഡ് മാത്രമാണ് ഇതിനു വേണ്ടി വന്നത്, മാള്‍ അധികൃതര്‍ പറയുന്നു.
ആഷിഷിനൊപ്പമുണ്ടായിരുന്ന നടി ദെബലീന സെന്‍ മാള്‍ അധികൃതരുടെ വിശദീകരണം തള്ളി. ധോത്തി ധരിച്ചതുകൊണ്ട് മാളില്‍ കടക്കാന്‍ അനുവദിക്കില്ല എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതാണ് അവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. അവര്‍ അതില്‍ ഉറച്ചു നിന്നു.
ആഷിഷ് ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ മാളിന്റെ മുതിര്‍ന്ന ചില അധികൃതര്‍ വന്ന് പ്രവേശനം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ പ്രതിഷേധിച്ചു. തന്റെ ഫോണിലാണ് ദൃശ്യം പകര്‍ത്തിയതെന്നും ദെബലീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: