പത്തനംതിട്ട: മഴക്കാലമായതോടെ ജില്ലയിലെ റോഡുകളുടെ അവസ്ഥ ദയനീയമായി. റോഡുകളുടെ ശോച്യാവസ്ഥമൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
മഴ പെയ്തു കഴിഞ്ഞാല്‍ വെളളം ഒഴുകിപ്പോകാന്വേണ്ട സൗകര്യം ഇല്ലാത്ത റോഡുകളാണ് നിലവില്‍ റോഡ് തകര്‍ച്ചക്ക് കാരണം. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത് കാണിക്കുന്നത്. വെളളം കെട്ടിനിന്ന് റോഡില്‍ കുണ്ടുംകുഴിയും വര്‍ധിച്ച് സഞ്ചാര യോഗ്യമല്ലാതാവുകയാണ് പതിവ്. പല റോഡുകളുടേയും അവസ്ഥയിതാണ്. ശബരിമല തീര്‍ത്ഥാടനം പോലെയുള്ള അവസരങ്ങളില്‍ റോഡുകളുടെ അവസ്ഥ കുറ്റമറ്റതാക്കി മാറ്റുവാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ആവശ്യമായ നടപടികളെടുക്കേണ്ടതുണ്ട്.
അടൂര്‍ മുതല്‍ ശാസ്താംകോട്ട, മെയിന്‍ റോഡിന്റേയും തിരുവല്ല- കുമ്പഴ ഹൈവേ പോലുള്ള 32.8 കി.മീ. ദൂരപരിധിയുള്ള സംസ്ഥാന പാതകളുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന റോഡുകളുടേയും മറ്റും അവസ്ഥ ഇതുതന്നെയാണ്. കൃത്യസമയങ്ങളില്‍ റീടാറിംഗ് ഉള്‍പ്പെടെയുള്ളവ നടത്താത്തതും റോഡുകളിലെ കുഴികള്‍ അടയ്ക്കാത്തതും മറ്റുമാണ് റോഡുകളുടെ അവസ്ഥ ഇത്തരത്തില്‍ മാറിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
റോഡ് നിര്‍മാണം കുറ്റമറ്റ രീതിയിലാക്കുക, റോഡുകളിലെ പ്രശ്നമേഖലകള്‍ കണ്ടെത്തി പോരായ്മകള്‍ പരിഹരിക്കുക, കാല്‍നടക്കാര്‍ക്കു സുരക്ഷിതമായി പോകാന്‍ സൗകര്യമുറപ്പാക്കുക തുടങ്ങിയ നടപടികള്‍ വേണം. നടപ്പാതകളിലെ കയ്യേറ്റങ്ങളും ഒഴിപ്പിക്കേണ്ടതുണ്ട്. ശബരിമല തീര്ത്ഥടനമുള്പ്പെടെയുള്ള സമയങ്ങളിലെ റോഡുകളുടെ വികസനത്തിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആരായുവാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി കളക്ടര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
ഇതിന്റെ എസ്റ്റിമേറ്റ് തുകയുടേയും തെരഞ്ഞെടുക്കേണ്ട പാതകളുടേയും മറ്റും കണക്കുകള്‍ ഈ മാസവസാനത്തോടുകൂടി ലഭ്യമാകുമെന്നും അധികൃതര്‍ പറഞ്ഞു. റോഡുകളുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പല ഫണ്ടുകളും യഥാക്രമം വിനിയോഗിക്കുവാന്‍ സംസ്ഥാന ഗവണ്മെന്റിന് ആയിട്ടില്ല എന്ന ആരോപണവും ശക്തമാണ്.
ടാറിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിക്കുമ്പോള്‍ അതിന്റെ സുഗമമായ നടത്തിപ്പിനെപ്പറ്റി അന്വേഷണം നടത്തുവാനും അധികൃതര്‍ തയ്യാറാകേണ്ടതുണ്ട്.
ഒരു നാടിന്റെ സാമൂഹികവും സാമ്പത്തികവും വ്യാവസായികവുമായ വളര്‍ച്ചയില്‍ അവിടത്തെ ഗതാഗത സംവിധാനത്തിന് വിലയേറിയ പങ്കുണ്ട്. സുരക്ഷിതവും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തവുമായ ഗതാഗത സൗകര്യമുണ്ടെങ്കില്‍ മാത്രമേ നാടിന്റെ വളര്‍ച്ച മുന്നോട്ട് കുതിക്കുകയുളളു.
അതിന് നാട്ടിലെ റോഡുകള്‍ മികച്ച നിലവാരത്തിലേക്കുയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: