സാഗര മൗനങ്ങളുടെ നിശബ്ദ ഏകാന്തതകളില്‍ ഒരു രാത്രി നക്ഷത്രത്തിന്റെ വെളിച്ചത്തിലേക്കു ചിത്രശലഭമായി വിടരുന്ന പ്യൂപ്പപോലെ എന്നും വിരിയാന്‍ കാക്കുന്ന വാക്കുകളുടെ പ്യൂപ്പകള്‍ മലയാളികളില്‍ നിറച്ചതാണ് എംടിയുടെ സാഹിത്യം. നമ്മള് തന്നെ ഒരു നോവലോ കഥയോ ആയിത്തീരുന്നതാണ് എംടികൃതികള് വായിക്കുമ്പോഴുള്ള അനുഭവം. ചിലപ്പോള്‍ നമ്മുടെ തന്നെ പകരക്കാര്മാതിരി കഥാപാത്രങ്ങള്‍ അതില്‍നിന്നും ഇറങ്ങിവരാം, വേദനയും കരച്ചിലും ചിരിയും സന്തോഷവുമൊക്കെയായി. അകമേ നാം തിരയുന്ന ചിലത് ആ സാഹിത്യം വായിച്ചും സിനിമകണ്ടും അനുഭവിച്ചുപോകാം. അങ്ങനെ ഒരെഴുത്തുകാരന് മലയാളിക്കു വേറെ ഇല്ലാതാകുന്നത് ഇങ്ങനെയാണ്. അതുകൊണ്ടാണ് എംടി ശതാഭിഷിക്തനാവുമ്പോഴും അദ്ദേഹം ഇനിയും ചെറുപ്പമാകട്ടെ എന്നും ആയുസായിരിക്കട്ടേ എന്നും പ്രാര്‍ഥിക്കുന്നത്.
ആധുനിക സാഹിത്യകാരന്മാര് അസ്തിത്വ നഷ്ടമെന്നും അവനവനെ തിരച്ചിലെന്നും എഴുത്തുകളില്‍ സ്വീകരിച്ച ദര്‍ശനം എംടിയുടെ ആദ്യകാലകൃതികളില്‍ തന്നെയുണ്ട്. നാലുകെട്ടു പൊളിച്ച് വെളിച്ചം കടക്കുന്ന ചെറിയവീടു മതിയെന്നു നാലുകെട്ടിലെ അപ്പുണ്ണി പറയുന്നത് ഈ തിരിച്ചറിവിന്റെതാണ്. വ്യക്തിപരതയുടെ വിനിമയങ്ങളിലൂടെ ഒരു ദേശത്തിന്റെയും കാലത്തിന്റെയുമായ സദൃശ്യവാക്യം പൂരിപ്പിക്കുകയായിരുന്നു എംടി. അന്നത്തെ കാലത്തും അതിനു പിന്നീടും സ്വയം കണ്ടെത്താന്‍ വീടുവിട്ടുപോകുന്ന ഉണ്ണികളുടെ നാളുകളായിരുന്നു. ചിലര്‍ അത് അകമേകൊണ്ടു നടന്നു ജീര്‍ണ്ണിച്ചു. ചിലര്‍ ശരീരപ്രത്യക്ഷമായും ചുമന്നുനടന്നു. ഈ ചുമട്ടുകാരാണ് വീടുവിട്ടും മറ്റും പോയത്. കാലത്തിലെ കഥാപാത്രം സേതുവും തിരിച്ചു വരാന്‍ ഇറങ്ങിപ്പോകുന്ന അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും മഞ്ഞില്‍ കാത്തിരിക്കുന്ന വിമലയും ഈ കൊടിയ അവസ്ഥയുടെ പ്രതിനിധികളാണ്.
വള്ളുവനാടന്‍ ഗ്രാമത്തിന്റെ കഥപറഞ്ഞ് കേരളീയ ജീവിതത്തിന്റെ കേന്ദ്രീകൃത വിഷയം എംടി എഴുതുകയായിരുന്നു. എംടി രചനകളിലെ മനുഷ്യരെ അവരുടെ ജീവിതാവസ്ഥകളോടുകൂടി ഏറിയും കുറഞ്ഞും അന്നത്തെ കേരളീയ കുടുംബങ്ങളില്‍ കാണാമായിരുന്നു. സ്വന്തം ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിലും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഈ എഴുത്തുകാരന്റെ കഥാപാത്രങ്ങള്‍ നടത്തിയ പ്രക്ഷുബ്ധമായ തീപ്പടര്‍ച്ചകള്‍ തങ്ങളുടേതുകൂടിയാണെന്നു അത്തരം വിക്ഷോഭങ്ങള്‍ ഉള്ളിലമര്‍ത്തിയ വായനക്കാര്‍ തിരിച്ചറിഞ്ഞിരുന്നു. അധികാരത്തിന്റെ ഫ്യൂഡലിസ ഘടനയ്ക്കെതിരെ തുളച്ചുകേറുന്ന പ്രവര്‍ത്തനങ്ങളും വാക്കുകളുമായി എംടിയുടെ കഥാപാത്രങ്ങള്‍ നടത്തുന്നത് രാഷ്ട്രീയ കലാപമെന്ന നിലയില്‍ത്തന്നെ കാണേണ്ടതുണ്ട്. പ്രത്യക്ഷത്തില്‍ ഇന്‍ക്വിലാബ് വിളിക്കാത്ത എഴുത്തുകാരന്റെ പ്രതിഷേധ മുദ്രാവാക്യങ്ങളും രാഷ്ട്രീയക്കൊടിക്കൂറകളും അയാളുടെ രൗദ്രലാവണ്യമുള്ള വാക്കുകളില്‍ കണ്ടെത്താനാവും. കാല്‍പ്പനിക സൗന്ദര്യങ്ങളുടെ വസന്തങ്ങള്‍ വാടാതെ തന്നെ ഇത്തരം രാഷ്ട്രീയ ഉഷ്ണരാശികളേയും വായനക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. അന്നത്തെ രാഷ്ട്രീയ പരിതസ്ഥിതികളോട് ഉള്ളുകൊണ്ട് ഇടഞ്ഞു നിന്ന വായനക്കാര്‍ക്ക് അന്നത്തെ രാഷ്ട്രീയ എഴുത്തുകാരുടെ ഉപരിപ്ളവ ഇന്‍ക്വിലാബ് വിളികളെക്കാള്‍ മനസുചേര്‍ക്കാന്‍ കഴിഞ്ഞത് ഉള്ളുലയ്ക്കുന്ന ഇത്തരം പരോക്ഷ രാഷ്ട്രീയമാണ്. സേതൂന് ഒരാളോടു മാത്രേ ഇഷ്ടോണ്ടായിരുന്നുള്ളൂ, സേതൂനോടുമാത്രം എന്ന് കാലത്തിലെ സുമിത്ര പറയുന്നത് സ്നേഹത്തിന്റെ പേരില്‍പ്പോലുമുള്ള പുരുഷ സ്വാര്‍ഥതയ്ക്കെതിരെ സ്ത്രീത്വം നടത്തുന്ന പ്രതിഷേധ രാഷ്ട്രീയമാണ്.
നാലുകെട്ടിനെ ചുറ്റിപ്പറ്റിയുള്ളതാണ് എംടിയുടെ രചനകളെന്നു പറയുന്നവരുണ്ട്. അറിയാവുന്നതിനെ ചുറ്റിപ്പറ്റിയല്ലേ എഴുതാനാവൂ. ഇനിയും എഴുതാത്ത എത്രയോ കഥകള്‍ നാലുകെട്ടിനെക്കുറിച്ചു തന്നെ അവശേഷിക്കുന്നുണ്ടാവും. അറിയാത്ത കടലാഴങ്ങളെക്കുറിച്ചു എഴുതാതെ അറിയുന്ന നിളയെക്കുറിച്ചെഴുതുന്നതാണ്(വാചകം ഇതല്ല)തനിക്കിഷ്ടമെന്നു എംടി പറഞ്ഞിട്ടുണ്ട്. ആ നിളയെഴുത്ത് മുഴുവന്‍ മലയാളി ഭൂമികയെ നയ്ക്കുന്നുണ്ട്. അങ്ങനെ അത് മലയാളിയുടെ ആത്മചിഹ്നമുള്ള ദേശമെഴുത്തും ജീവിതവുമായി പരിണമിക്കുന്നു.
ജീവിതത്തിന്റെ വാരിക്കുഴികളില്‍ വീണുപോകുന്നവരും അതില്‍നിന്നും കര കയറാന്‍ ശ്രമിക്കുന്നവരുമാണ് എംടിയുടെ നായകര്‍. അതിജീവനത്തിന്റെ ഇത്തരം രക്തോര്ജം അങ്ങനെ ആത്മവിശ്വാസത്തിന്റെ പതാകയായിത്തീരുന്നു. വാരിക്കുഴി എന്നപേരില്‍ ഒരുകഥയും ആ കഥയുടെ സിനിമയുമുണ്ട്. അദ്ദേഹത്തിന്റെ മിക്കവാറും നായക കഥാപാത്രങ്ങളുടെ ആന്തരിക സ്വഭാവങ്ങളും ഒരുപോലെയാണ്. അമര്‍ത്തിയ പ്രതിഷേധം. രണ്ടാമൂഴത്തിലെ ഭീമനും ഈ പ്രതിഷേധ നായകനാണ്.
എഴുത്തുകാരന്റെ ആത്മാംശം അയാളുടെ കഥാപാത്ര ജീവിതങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണാം. ഒരര്‍ഥത്തില്‍ അയാള്‍ പല രചനകളിലൂടെ നിര്‍വഹിക്കുന്നത് സ്വന്തം ആത്മകഥായെഴുത്താണ്. എംടിയുടെ മനസ് ചിലപ്പോള്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ അഴിച്ചുവെച്ചിട്ടുണ്ടെന്നു തോന്നാം.
പകരംവെക്കാനാവാത്ത വാക്കുകള്‍ പെറുക്കിയെടുത്താണ് എംടിയുടെ രചന. വാക്കുകള്‍ തോറ്റെന്നോ പോരെന്നോ തോന്നാത്ത ചേര്‍ച്ച. പദങ്ങള്‍കൊണ്ടു കൊത്തിയെടുക്കുന്ന കാവ്യഭാഷയാണത്. അത് കഥയായും നോവലായും സിനിമയായും മാറുന്നുവെന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: