തൃശൂര്‍: കലാരംഗത്തെ ജാതീയ വിവേചനം തച്ചുടയ്ക്കപ്പെടേണ്ടതാണെന്നും ഇതിനായി മാധ്യമങ്ങള്‍ മുന്നോട്ടുവരണമെന്നും നടനും എം.പിയുമായ സുരേഷ്ഗോപി. ശില്പി രാജന്റെ ശില്പ പ്രദര്‍ശനം കല്ക്കാതല് തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാരംഗത്തെ ഉന്നത കുലജാതര്‍ക്ക് മാത്രമുള്ള ഒരു ഏര്‍പ്പാടായി കരുതി വന്നിരുന്ന ദേശീയപുരസ്കാരം താനടക്കമുള്ളവര്‍ക്ക് ലഭിച്ചതു മുതലാണ് ജനകീയത കൈവന്നത്. അഭിനയ രംഗത്തെ കീഴ്ജാതിക്കാരായ തന്നെ പോലുള്ളവര്‍ക്ക് ലഭിക്കുമ്പോഴാണ് അവാര്‍ഡുകള്‍ കൂടുതല്‍ ജനകീയമാകുന്നത്.
സുരാജിനെയും സലീംകുമാറിനെയും സുരഭിയേയും പോലുള്ളവര്‍ക്ക് ലഭിച്ചപ്പോള്‍ അത് കൂടുതല്‍ സുഖകരമായെന്നും സുരേഷ്ഗോപി പറഞ്ഞു.
സുരേഷ്ഗോപിയും മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറും ചേര്‍ന്നാണ് ശില്പ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്, ജയരാജ്വാര്യര്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
മരം, കരിങ്കല്‍, ടെറാകോട്ട എന്നിവയില്‍ തീര്‍ത്ത 83 ശില്പങ്ങളാണ് പ്രദര്‍ശനത്തിലൊരുക്കിയിരിക്കുന്നത്. പ്രദര്‍ശനം ഈ മാസം 25ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: