ശ്രീനഗര്‍: അമര്‍നാഥ് യാത്രക്കു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാലിത്താബന് എന്ന സ്ത്രീയാണ് ആശുപത്രിയില്‍ ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഭീകരാക്രമാണത്തില് മരിച്ച സ്ത്രീകളുടെ എണ്ണം ആറായി ഉയര്‍ന്നു.
തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ബറ്റാന്ഗൂ മേഖലയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.20നാണ് ആക്രമണമുണ്ടായത്. ഏഴു തീര്‍ഥാടകര്‍ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തീര്‍ഥാടകര്‍ക്ക് അകമ്പടി പോയ പോലീസ് വാഹനങ്ങള്കക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.
പതിനേഴു വര്‍ഷത്തിനു ശേഷമാണ് അമര്‍നാഥ് യാത്രക്കു നേരേ ആക്രമണമുണ്ടാകുന്നത്. സംഭവത്തിന് ശേഷം കൂടുതല്‍ സൈനികരേയും പോലീസുകാരേയും പ്രദേശത്തു വിന്യസിച്ചു. എത്രയും വേഗം സൈന്യം തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ് വ്യക്തമാക്കി.
അമര്‍നാഥ് യാത്രക്കു നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്ത്വം ലഷ്കര്‍ ഇ തോയ്ബ ഏറ്റെടുത്തു. മൂന്നു പേരാണ് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും ജമ്മു കശ്മീര്‍ ഗവര്‍ണറും ഉന്നതതല യോഗം വിളിച്ചിരുന്നു.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് മെഹ്ബൂബയുടെ പാര്‍ട്ടിയുടെ എം.എല്‍.എയുടെ ഡ്രൈവറെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: