വരന്തരപ്പിള്ളി : ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്പില് കുടില്‍കെട്ടി സമരം നടത്തേണ്ട അവസ്ഥയാണെന്ന് ഗോത്രമഹാസഭ സംസ്ഥാന പ്രസിഡന്റ് സി.കെ.ജാനു.
പാലപ്പിള്ളി ഫോറസ്റ്റ് ഓഫീസിന് മുന്പില് ആദിവാസികള്‍ പുനരിധിവാസത്തിനായി നടത്തുന്ന അനിശ്ചിതകാല ഭൂസമരത്തിന്റെ ഭാഗമായി നടന്ന ഭൂരഹിത കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജാനു.
ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും അവകാശഭൂമിക്ക് പകരം ഒന്നോ രണ്ടോ സെന്റ് മിച്ചഭൂമി പതിച്ചു നല്കാന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ആദിവാസികളെ മനുഷ്യരായി അംഗീകരിക്കാന്‍ പോലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ഇതിനെതിരെ കുടില്‍കെട്ടി ഭൂമി കൈയ്യേറുകയാണ് വേണ്ടതെന്നും സി.കെ.ജാനു പറഞ്ഞു.
കള്ളിചിത്ര കോളനിയിലെ പുനരധിവാസ പ്രശ്നം സര്‍ക്കാര്‍ പരിഹരിച്ചില്ലെങ്കില്‍ ആദിവാസികള്‍ താമസിച്ചിരുന്നിടത്ത് തന്നെ കുടില്‍ കെട്ടേണ്ടിവരുമെന്നും സി.കെ.ജാനു പറഞ്ഞു.
55 ദിവസമായി നടക്കുന്ന സമരത്തോട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ ഇടപെടലുകളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംയുക്ത സമരസിമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.
സത്യാഗ്രഹത്തിന്റെ ആറാം ദിവസം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂരഹിത കണ്വെന്ഷന് സംഘടിപ്പിച്ചത്.
സംസ്ഥാന പട്ടിക വര്‍ഗ മഹാസഭപ്രസിഡന്റ് പി.കെ.വേണു അധ്യക്ഷത വഹിച്ചു.സമര സമിതി കോര്‍ഡിനേറ്റര്‍ എം.എം.പുഷ്പന്, അഡ്വ.പി.എ. പൗരന്, ടി.കെ. മുകുന്ദന്, എം.എന്‍.പ്രേംജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: