ന്യൂദല്‍ഹി: സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വെ അവതരിപ്പിച്ചു. ഡെല്‍ഹിയിലെ സരായ് റോഹില്ല സ്റ്റേഷനില്‍ നിന്നും ഹരിയാനയിലെ ഫറൂഖ് നഗറിലേക്കുള്ള റൂട്ടിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.
ട്രെയിനിന്റെ ആറ് കോച്ചുകളിലായി 16 സൗരോര്‍ജ പനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരോ പാനലുകളും 300 വാട്ട് പീക്ക് ശേഷിയുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കു കീഴില്‍ വികസിപ്പിച്ച സോളാര്‍ പാനലുകള്‍ക്ക് 54 ലക്ഷം രൂപയാണ് ചെലവ്. ലോകത്തില്‍ ഇതാദ്യമായാണ് റെയ്ല്‍വെയില്‍ ഗ്രിഡ് (വൈദ്യുതി വിതരണ ശൃംഖല) ആയി സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നത്.
പവര്‍ ബാക്കപ്പ് സൗകര്യവും ട്രെയിനിനുണ്ട്. ബാറ്ററിയില്‍ 72 മണിക്കൂര്‍ സര്‍വീസ് നടത്താന്‍ സാധിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ റെയില്‍വെ ബജറ്റില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വെ 1000 മെഗാവാട്ട് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുമെന്ന് റെയില്‍വെ വകുപ്പ് മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചിരുന്നു.
നഗരപ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ സൗരോര്‍ജ പദ്ധതികള്‍ അവതരിപ്പിക്കുകയെന്നും തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകളിലും പദ്ധതി നടപ്പാക്കുമെന്നും റെയില്‍വെ ബോര്‍ഡ് അംഗം രവീന്ദ്ര ഗുപ്ത അറിയിച്ചു. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള 50 കോച്ചുകള്‍ കൂടി അവതരിപ്പിക്കാനാണ് റെയില്‍വെയുടെ പദ്ധതി.
പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്നതോടെ പ്രതിവര്‍ഷം 700 കോടി രൂപ ഇന്ത്യന്‍ റെയില്‍വെയ്ക്ക് ലാഭിക്കാന്‍ കഴിയുമെന്നും രവീന്ദ്ര ഗുപ്ത പറഞ്ഞു. 25 വര്‍ഷത്തിനുള്ളില്‍ ഇത്തരം ഒരു ട്രെയിനില്‍ നിന്ന് 5.25 ലക്ഷം ലിറ്റര്‍ ഡീസല്‍ റെയില്‍വെയ്ക്ക് ലാഭിക്കാനാകും. ഇതേകാലയളവില്‍ ഒരു ട്രെയിനില്‍ നിന്ന് മൂന്നു കോടി രൂപ വീതവും റെയില്‍വെയ്ക്ക് നേട്ടമുണ്ടാക്കാംം. 25 വര്‍ഷത്തിനുള്ളില്‍ 1,350 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സൗരോര്‍ജ ട്രെയിനുകള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: