ചെന്നൈ: തമിഴ്നാട്ടിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ പുലർച്ചെയാണ് അപകടമുണ്ടായത്. സ്റ്റീൽ കമ്പികൾ കൊണ്ടു പോകുകയായിരുന്ന ട്രക്കുമായിട്ടാണ് ബസ് കൂട്ടിയിടിച്ചത്.
അറുപത് യാത്രക്കാരുമായി തിരുപ്പൂരിൽ നിന്നും കുംഭകോണത്തിലേക്ക് പോയ സർക്കാർ ബസ് തഞ്ചാവൂരിലെ വല്ലം പ്രദേശത്ത് വച്ച് ട്രക്കുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനത്തിലെ ഡ്രൈവർ ഉൾപ്പെടെ പത്ത് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൾ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 1 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: