കൊച്ചി: ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റവുമായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വരുന്നു. ഓരോ വീട്ടിലെയും ആളുകളുടെ രോഗവിവരങ്ങളെക്കുറിച്ച് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്ക് വ്യക്തമായ ധാരണയുണ്ടാക്കാനും അതുവഴി മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി. ജില്ലയില്‍ 15 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആഗസ്ത് 17നകം കുടുംബാരോഗ്യ കേന്ദ്രങ്ങളാകും.
ചേരാനല്ലൂര്‍, മഴുവന്നൂര്‍, ഏരൂര്‍, കോടനാട്, കുട്ടമ്പുഴ, വാഴക്കുളം, തൃക്കാക്കര, പായിപ്ര, ചൊവ്വര, തിരുമാറാടി, മഞ്ഞപ്ര, കരുമല്ലൂര്‍, ഗോതുരുത്ത്, നായരമ്പലം, ചെല്ലാനം എന്നീ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാവും. ഇതില്‍ വാഴക്കുളം, ഏരൂര്‍, കുട്ടമ്പുഴ, മഴുവന്നൂര്‍, കോടനാട്, ചേരാനെല്ലൂര്‍, എന്നിവയെ ആഗസ്ത് 17നകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനാണ് പ്രവര്‍ത്തനം നടത്തുന്നത്. ദേശീയ ആരോഗ്യ ദൗത്യ(എന്‍എച്ച്എം)ത്തിന്റെ സഹായത്തിന് പുറമെ വിവിധ മേഖലയില്‍ നിന്നുള്ള പണം കൂടി സമാഹരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തിയാണിത്.
ഭാവിയില്‍ കുടുംബ ഡോക്ടര്‍ സംവിധാനത്തിലേക്ക് മാറുന്ന രീതിയിലാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നത്. രണ്ട് ഡോക്ടര്‍, രണ്ട് നഴ്സ്, ലാബ്ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരുടെ സേവനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കും. കൂടാതെ, ആശുപത്രിയിലെത്തുന്ന രോഗികളോട് ഡോക്ടര്‍മാരും ജീവനക്കാരും മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിനായി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കും.
ജീവിത ശൈലി രോഗ ചികിത്സയ്ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുന്‍ഗണ നല്‍കുന്നുണ്ട്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സംവിധാനമൊരുക്കും. ഇതിനായി ലാബ് സൗകര്യങ്ങള്‍ തുടങ്ങും.
കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഉയര്‍ത്തുന്നുണ്ടെങ്കിലും വിവിധ തസ്തികകളില്‍ നിയമനം സംബന്ധിച്ച് നടപടിയായിട്ടില്ല. നിലവില്‍ പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍ മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: