തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ വിവാദമായ ഇ-മെയില്‍ ചോര്‍ത്തല്‍ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു. പിന്‍വലിക്കാനുള്ള അനുമതി നല്കി സര്‍ക്കാര്‍ പ്രോസിക്യൂഷന് കത്തയച്ചു. കേസിലെ പ്രതി മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കത്തയച്ചത്. കേസ് വീണ്ടും സപ്തംബര്‍ 7ന് പരഗണിക്കും.
രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവയ്ക്കുന്ന ഇ-മെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്ലിന് നല്കിയ വിവരങ്ങളാണ് ചോര്‍ന്നത്. ആഭ്യന്തരസുരക്ഷയെ സാരമായി ബാധിച്ച സംഭവമാണ് പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്ലില്‍ നിന്നുള്ള ഇ-മെയില്‍ ചോര്‍ത്തല്‍.
ഹൈടെക്ക് സെല്ലിലെ എസ്ഐ ബിജു സലിമാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ ചോര്‍ത്തിയ വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ പോലീസ് ചോര്‍ത്തുന്നെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് രഹസ്യവിവരം ചോര്‍ന്നെന്ന് പോലീസും സ്ഥിരീകരിച്ചത്. അന്വേഷണത്തിനൊടുവില്‍ എസ്ഐ ബിജു സലിം ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സ്വാധീനമുപയോഗിച്ച് ഇത് റദ്ദാക്കി കേസ് പിന്‍വലിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ പ്രതികള്‍ നീക്കമാരംഭിച്ചിരുന്നു.
പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് അന്നൊക്കെ പിന്‍വലിക്കലില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയിരുന്നത്.കേസിലെ അഞ്ചാംപ്രതിയായ മാധ്യമം പത്രത്തിന്റെ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ അപേക്ഷയിന്മേലാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ അനുമതി നല്കിയ കത്ത് പ്രോസിക്യൂട്ടര്‍ക്ക് ലഭിച്ചു. ഇത് വൈകാതെ കോടതിയെ അറിയിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: