ആലപ്പുഴ: മന്ത്രിയുടെ പ്രഖ്യാപനം പാഴായി, ഇറച്ചിക്കോഴി വില കുറയുന്നില്ല. സിപിഎമ്മിലെ ചില പ്രമുഖരാണ് ജില്ലയിലെ മൊത്തവ്യാപാരം നിയന്ത്രിക്കുന്നത്. ഒരു മന്ത്രിയുടെ അടുപ്പക്കാരാണ് ഇവരില്‍ ചിലര്‍.
ആലപ്പുഴ നിയോജക മണ്ഡലത്തിലെ പ്രമുഖ സിപിഎം നേതാവും ബന്ധുവുമാണ് കോഴിക്കച്ചവടത്തിന്റെ കുത്തക ഏറ്റെടുത്തിട്ടുള്ളത്. ഇവരെ സഹായിക്കാനാണ് കോഴിയുടെ വിപണി വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാത്തതെന്നാണ് ആക്ഷേപം.
ജില്ലയില്‍ ഇറച്ചിക്കോഴി കിലോയ്ക്കു 120 രൂപയ്ക്കാണു പ്രധാനകേന്ദ്രങ്ങളില്‍ വിറ്റത്. കോഴിയിറച്ചി കിലോയ്ക്കു 180 രൂപ വരെ നല്‍കണം. ഇറച്ചിക്കോഴി 87 രൂപയ്ക്കും കോഴിയിറച്ചി 158 രൂപയ്ക്കും നല്കുമെന്നു മന്ത്രി തോമസ് ഐസക്കും വ്യാപാരികളും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നടപ്പായില്ല.
ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്ക്കു കിട്ടിയാല്‍ വിലകുറയ്ക്കാമെന്നാണു ഇപ്പോള്‍ വ്യാപാരികള്‍ പറയുന്നത്. അല്ലെങ്കില്‍ സര്‍ക്കാര്‍ വിലകുറച്ചു നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വ്യാപാരികള്‍ പൊടുന്നനെ നിലപാട് മാറ്റിയതില്‍ ദൂരൂഹതയുണ്ട്.
സ്വന്തം ജില്ലയില്‍ പോലും തന്റെ പ്രഖ്യാപനം നടപ്പാകാത്തതില്‍ പ്രതികരിക്കാന്‍ ധനമന്ത്രി തയ്യാറാകുന്നില്ല. ചുരുങ്ങിയ കാലയളവിനുള്ളില്‍ കോഴിക്കച്ചവടത്തില്‍ ആധിപത്യം നേടാന്‍ സിപിഎം നേതാവിനും ബന്ധുവിനും സാധിച്ചത് ഉന്നതരുടെ സഹായം നിര്‍ലോഭം കിട്ടിയതിനാലാണ്.
ഒരു മതതീവ്രവാദ സംഘടനയും ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്കുന്നു. സിപിഎമ്മും ഈ തീവ്രവാദ സംഘടനയുമായുള്ള പാലമായി പ്രവര്‍ത്തിക്കുന്നതും ഈ നേതാവാണ്.
കോഴിവില കുതിച്ചുയര്‍ന്നിട്ടും കുട്ടനാടന്‍ താറാവിന്റെ വിലയില്‍ മാറ്റമില്ല. ഒരു താറാവിനെ പൊളിച്ചു നല്കുന്നതിനു മുന്നൂറു രൂപയും പൊളിക്കാതെ 280 രൂപയുമാണ് ഈടാക്കുന്നത്. എസി റോഡില്‍ ഏകദേശം മുപ്പതോളം വ്യാപാരികള്‍ താറാവു വില്പന നടത്തുന്നുണ്ട്. കൂടാതെ കുട്ടനാട്ടിലെ ഇടറോഡുകളിലും മറ്റും ഒട്ടേറെ താറാവു വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചരക്ക്, സേവന നികുതി വന്നതിനുശേഷം കന്നുകാലി ഇറച്ചിക്കു വില വര്‍ദ്ധനയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: