കൊച്ചി: നടന് ദിലീപ് പ്രതിയായ കേസില്‍ ചോദ്യം ചെയ്തെങ്കിലും, നടനും സംവിധായകനുമായ നാദിര്‍ഷയുടെ അറസ്റ്റ് കാര്യത്തില്‍ പോലീസും സര്‍ക്കാരും വിഷമ വൃത്തത്തില്‍. നാദിര്‍ഷയും എഡിജിപി ടോമിന് തച്ചങ്കരിയും തമ്മില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയാണ് പ്രശ്നം.
നാദിര്‍ഷയെ കേസില്‍ പ്രതിയാക്കിയാല്‍ അതേ കാരണങ്ങളുടെ പേരില്‍ എഡിജിപി തച്ചങ്കരിക്കെതിരെയും കേസെടുക്കേണ്ടിവരും.
തച്ചങ്കരി ‘സമര്‍ത്ഥനും മിടുക്കനും യോഗ്യനുമായ പോലീസ് ഓഫീസറാണെന്ന്’ പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പിനും വേണ്ടി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പലതവണ സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്.
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷായുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, സംഭവത്തിനു ശേഷം ദിലീപിനെ നാദിര്‍ഷാ പലതരത്തില്‍ സഹായിച്ചു.
ദിലീപിനെയും നാദിര്‍ഷയെയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷാ ആരോ പഠിപ്പിച്ചുവിട്ടതുപോലെയായിരുന്നു ചോദ്യങ്ങളോടു പ്രതികരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനു തലേന്ന് കൊച്ചിയില്‍ റിയാന്‍ സ്റ്റുഡിയോയില്‍ വെച്ച് നാദിര്‍ഷായും എഡിജിപി ടോമിന് തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഡിജിറ്റല്‍ തെളിവ് പോലീസിന്റെ പക്കലുണ്ട്. കൂടിക്കാഴ്ച നാദിര്‍ഷ ശരിവെച്ചിട്ടുമുണ്ട്. കേസ് കാര്യങ്ങള്‍ ചര്‍ച്ചചെയ്തില്ലെന്നും പെരുന്നാള്‍ക്കാലത്ത്, പതിവുപോലെ പഴയ സൗഹാര്‍ദ്ദം പുതുക്കുകമാത്രമായിരുന്നുവെന്നുമാണ് നാദിര്‍ഷാ പറഞ്ഞത്.
എന്നാല്‍ ഈ കൂടിക്കാഴ്ച നിര്‍ണ്ണായകമായിരുന്നുവെന്നും ഇതെക്കുറിച്ച് അന്വേഷിക്കണമെന്നും മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. സെന്‍കുമാറിനെതിരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍, മറ്റൊരു പ്രസ്താവനയുടെ പേരില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ഇത് സെന്‍കുമാറിന്റെ വിശ്വാസ്യത തകര്‍ക്കാന്‍കൂടി ലക്ഷ്യമിട്ടാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
റിയാന്‍ സ്റ്റുഡിയോ തച്ചങ്കരിയുടെ ബിനാമി സ്ഥാപനമാണെന്ന് പറച്ചിലുണ്ടെങ്കിലും തനിക്ക് ഉടമസ്ഥതയോ എന്തെങ്കിലും ബന്ധമോ ഇല്ലെന്ന് തച്ചങ്കരി പ്രസ്താവിച്ചിട്ടുണ്ട്. പിന്നെ എന്തിന് റിയാനില്‍ പോയി? എന്തായിരുന്നു ദൗത്യം? നാദിര്‍ഷാ എങ്ങനെ അവിടെയെത്തി? തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മറുപടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: