ന്യൂയോര്‍ക്ക്: അവയവം മാറ്റിവെയ്ക്കല്‍ അമേരിക്കയില്‍ വാര്‍ത്തയല്ല. എന്നാല്‍ ന്യൂജഴ്സി റോബര്‍ട്ട് വുഡ് ജോണ്സണ് ആശുപത്രിയില്‍ നടന്ന വൃക്ക മാറ്റിവെയ്ക്കല്‍ ചരിത്രമായി. ബന്ധുവല്ലാത്ത ഒരാള്‍ക്ക് ഇന്ത്യന്‍ വംശജ വൃക്ക നല്കുന്ന അമേരിക്കയിലെ ആദ്യ സംഭവം. സ്വന്തം വൃക്ക മുറിച്ചു നല്കാന് നന്മയും ധൈര്യവും നിശ്ചയദാര്‍ഢ്യവും കാട്ടിയത് മലയാളി യുവതി ആണെന്നത് അമേരിക്കയിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്കുന്നു.
രേഖാ നായര്‍ എന്ന 33 വയസ്സുകാരിയാണ് വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ചത്. രേഖയുടെ സന്മനസ്സിന്റെ ഫലം കിട്ടിയത് കേരളത്തില്‍ വേരുകളുള്ള യുവതിക്ക്. ജനിച്ചു വളര്‍ന്നത് ദല്‍ഹിയിലെങ്കിലും അമ്മ വഴി പാലക്കാടുകാരിയായ ദീപ്തിയാണ് രേഖയുടെ വൃക്കയിലൂടെ ജീവിതിത്തിലേക്ക് തിരിച്ചെത്തുക.
തൊടുപുഴ വെട്ടിയംകണ്ടത്തില്‍ രാമചന്ദ്രന് നായരുടേയും കോട്ടയം കൂരോപ്പട കോയിപ്പുറത്ത് വീട്ടില്‍ ശ്രീദേവിയുടേയും മകളായ രേഖ ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയില്‍. വെച്ചസ്റ്റര്‍ കൗണ്ടി ഹൗസിങ് അതോറിറ്റിയില്‍ സീനിയര്‍ ഡേറ്റാ അനലിസ്റ്റായ രേഖ, കേരള കള്‍ച്ചറല്‍ അസോസിയേഷന്, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, മലയാളി ഹിന്ദു മണ്ഡലം, ഫോമ തുടങ്ങിയ സംഘടനകളിലൊക്കെ സജീവമാണ്.
പാട്ടുകാരിയും നര്‍ത്തകിയുമായ രേഖ, സാംസ്ക്കാരിക പരിപാടിയില്‍ വെച്ചാണ് നര്‍ത്തകിയും അവതാരകയുമായ ദീപ്തിയെ പരിചയപ്പടുന്നത്. കാണുമ്പോഴുള്ള സൗഹൃദം പുതുക്കലിനപ്പുറം ശക്തമായിരുന്നില്ല ബന്ധം. വൃക്ക രണ്ടും തകര്‍ന്ന് ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ദീപ്തി എന്നറിഞ്ഞപ്പോള്‍ രേഖ വാക്കു കൊടുത്തു. എന്റെ വൃക്ക യോജിക്കുമങ്കില്‍ തരാം. വീട്ടുകാരും ബന്ധുക്കളും സ്വാഭാവികമായും എതിര്‍ത്തു. ചെറുപ്രായം, കൊച്ചുകുട്ടികള്‍ തുടങ്ങിയ പറച്ചിലുകളൊന്നും രേഖയുടെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിച്ചില്ല. ഭര്‍ത്താവ് നിഷാന്ത് നായരുടേയും കുടുംബാംഗങ്ങളുടേയും പൂര്‍ണ്ണ സമ്മതം വാങ്ങി വൃക്ക മുറിച്ചു നല്കി. ഏഴ് വയസ്സുകാരി ദേവുവും മൂന്നു വയസ്സുകാരന് സൂര്യയുമാണ് രേഖയുടെ മക്കള്‍.
ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ് കിഡ്നി സ്വീകരിച്ച ദീപ്തി. ഭര്‍ത്താവ് സത്യന് ഐ ടി ഉദ്യോഗസ്ഥനാണ്. ഒന്‍പതു വയസ്സുകാരി റിയ ഏകമകള്‍.
രേഖയുടെ ആത്മവിശ്വാസം അതിശയിപ്പിച്ചതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. ജന്നിഫര്‍ ജന്മഭൂമിയോട് പറഞ്ഞു. വൃക്കമാറ്റിവെക്കല്‍ പൂര്‍ണ്ണ വിജയമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: