തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. പണിമുടക്കി ജില്ലാ കേന്ദ്രങ്ങളില്‍ സത്യഗ്രഹമിരിക്കുന്ന നഴ്സുമാര്‍ 21 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം മാറ്റും.
സുപ്രിംകോടതിയും ബലരാമന്, വീരകുമാര്‍ കമ്മിറ്റികളും നിര്‍ദ്ദേശിച്ച ശമ്പളം പ്രഖ്യാപിക്കുംവരെ ഒന്നര ലക്ഷത്തിനടുത്ത് നഴ്സുമാര്‍ അനിശ്ചിതകാലം സെക്രട്ടേറിയറ്റ് വളയുന്ന വിധമാണ് സമരമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്(യുഎന്‍എ) സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് ജാസ്മിന് ഷാ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടിച്ചിടുമെന്ന് മാനേജ്മെന്റുകളും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ മൂന്നിലൊന്ന് നഴ്സുമാരെ ആശുപത്രികളില്‍ നിലനിര്‍ത്തിയുള്ള പണിമുടക്കമെന്ന തീരുമാനത്തില്‍ നിന്നും പിന്മാറി മുഴുവന്‍ നഴ്സുമാരെയും തെരുവിലിറക്കി സമരം ശക്തമാക്കാനാണ് ജനറല്‍ കൗണ്‍സില്‍ തീരുമാനമെന്നും ജാസ്മിന്‍ഷാ പറഞ്ഞു.
നഴ്സിങ് മേഖലയിലെ അടിസ്ഥാന തസ്തികയില്‍ ജോലിയെടുക്കുന്ന സ്റ്റാഫ് നഴ്സിന് മുഴുവന്‍ ആനുകൂല്യങ്ങളും നിലനിര്‍ത്തി 20,000 രൂപ ശമ്പളമായി അനുവദിക്കുന്ന മാനേജ്മെന്റുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജാസ്മിന്‍ഷാ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം വി സുധീപ്, രക്ഷാധികാരി വത്സന് രാമംകുളത്ത്, ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍, വൈസ് പ്രസിഡന്റുമാരായ സുജനപാല്‍ അച്യുതന്, സിബി മുകേഷ്, അനീഷ് മാത്യു വേരനേനി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: