തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ നിയമനം അനിശ്ചിതത്വത്തില്‍. രാമരാജ പ്രേമപ്രസാദിന്റെ കാലാവധി കഴിഞ്ഞെങ്കിലും പുതിയ കമ്മീഷണറെ നിയമിക്കാത്തതിനാല്‍ സര്‍വ്വീസില്‍ തുടരുകയാണ്. നിയമനത്തിന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും നല്കിയ പട്ടിക ഹൈക്കോടതി പരിഗണിക്കാത്തതാണ് കാരണം.
ദേവസ്വം ബോര്‍ഡ് ശുപാര്‍ശ ചെയ്തത് മുന്‍ ദേവസ്വം സെക്രട്ടറി ജയകുമാറിന്റെ പേരായിരുന്നു. ശബരിമലയില്‍ പാത്രം വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന് ചൂണ്ടിക്കാട്ടി ജയകുമാറിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ ജയകുമാര്‍ അവധിയില്‍ പ്രവേശിച്ചു. വിജിലന്‍സ് അന്വേഷണത്തിനെതിരെ ജയകുമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മൂന്ന് പേരടങ്ങുന്ന പട്ടിക സര്‍ക്കാര്‍ കോടതിക്ക് സമര്‍പ്പിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് കണ്ണൂര്‍ സ്വദേശി സുരേഷ്കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ വാസു, റിട്ട. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന് ബാലകൃഷ്ണന് എന്നിവരുടെ പട്ടികയായിരുന്നു സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ജയകുമാറിന്റെ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ദേവസ്വം ബോര്‍ഡ് നല്കിയ പേരു സംബന്ധിച്ച് കോടതി അഭിപ്രായം പറഞ്ഞില്ല. സര്‍ക്കാര്‍ നല്കിയ പട്ടിക കോടതി അംഗീകരിച്ചതുമില്ല. പട്ടിക വിപുലീകരിച്ചു കൂടെയെന്നും രാമരാജപ്രേമപ്രസാദിന്റെ പേരുകൂടി ഉള്പ്പെടുത്തിക്കൂടെയെന്നും കോടതി ആരാഞ്ഞു. കേസ് ജൂലൈ 17ലേക്ക് മാറ്റി.
നേരത്തെ നല്കിയ പട്ടിക പരിഗണിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇല്ലെങ്കില്‍ നിലവിലെ കമ്മീഷണറെ തുടരാന്‍ അനുമതി നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: